ഡല്‍ഹി പീഡനം: രണ്ട് പേര്‍ പിടിയില്‍

Posted on: October 18, 2015 11:10 pm | Last updated: October 18, 2015 at 11:10 pm
SHARE

stop rapeന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ രണ്ടര വയസ്സുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു. നംഗലോയിയില്‍ വീടിനു പുറത്തു നില്‍ക്കുകയായിരുന്ന കുഞ്ഞിനെ ബൈക്കിലെത്തിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ തിരച്ചിലിലാണ് അടുത്തുള്ള പാര്‍ക്കില്‍ നിന്ന് സാരമായ മുറിവുകളോടെ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. സി സി ടി വി ക്യാമറയില്‍ തെളിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവുകള്‍ ഏറെക്കുറെ പൂര്‍ണമായി ശേഖരിച്ചിട്ടുണ്ടെന്നും ഇരുപത് ദിവസത്തിനകം തന്നെ കുറ്റപത്രം നല്‍കുമെന്നും പോലീസ് അറിയിച്ചു. 250 പ്രദേശവാസികളില്‍ നിന്ന് തെളിവെടുത്തതായി ജോയിന്റ് പോലീസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു.
കിഴക്കന്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ അഞ്ച് വയസ്സുകാരിയും കൂട്ടബലാത്സംഗത്തിനിരയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിഷയത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു. ഡല്‍ഹിയില്‍ പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലെന്നും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ലഫ്റ്റനന്റ് ഗവര്‍ണറും എന്തെടുക്കുകയാണെന്നുമാണ് കെജ്‌രിവാള്‍ ചോദിച്ചത്. ഡല്‍ഹി പോലീസ് സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തുന്നുണ്ടന്നും പോലീസിന്റെ ചുമതല സംസ്ഥാന സര്‍ക്കാറിന് നല്‍കണമെന്ന ആവശ്യവും കെജ്‌രിവാള്‍ ഉന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here