Connect with us

International

സിറിയയിലെ വ്യോമാക്രമണം ലക്ഷ്യം കണ്ടുതുടങ്ങിയതായി റഷ്യ

Published

|

Last Updated

മോസ്‌കോ: പുതിയ വ്യോമാക്രമണങ്ങള്‍ സിറിയയിലെ തീവ്രവാദ ഗ്രൂപ്പുകളെ ദുര്‍ബലപ്പെടുത്തിയതായി റഷ്യ. വിമതര്‍ ഉപയോഗിക്കുന്ന നിരവധി കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതായും ബശര്‍ അല്‍അസദിനെ വിമര്‍ശിക്കുന്ന വിമതര്‍ക്കിടയില്‍ സംഘട്ടനം രൂക്ഷമായിരിക്കുകയാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഹമാ, ലതാകിയ, അലപ്പോ, ദമസ്‌കസ് പ്രവിശ്യ എന്നിവിടങ്ങളില്‍ 60 ലധികം വ്യോമാക്രമണങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ നടത്തി. ഹമായില്‍ നിന്ന് 40 കിലോമീറ്റര്‍ പടിഞ്ഞാറുള്ള കഫ്ര്‍ സെയ്തയില്‍ ജയ്‌ശെ അല്‍ഫതഹ് തീവ്രവാദി സംഘടന ഉപയോഗിക്കുന്ന സൈനിക കേന്ദ്രത്തിന് നേരെയും റഷ്യ യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു. ഇതിന് ശേഷം ജയ്‌ശെ അല്‍ഫത്ഹ് സംഘടനയുടെ ഇവിടെയുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസില്‍ തീവ്രവാദികള്‍ നിര്‍മിച്ചിരുന്ന ഹോംസ് പ്രവിശ്യയിലെ ഒരു ടണലും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഈ ടണലിലൂടെയാണ് ഇസില്‍ തീവ്രവാദികള്‍ നഗരത്തിന് ചുറ്റും റോന്ത് ചുറ്റിയിരുന്നത്. ആയുധവും ഭക്ഷണവും ഇന്ധനവും വിതരണം ചെയ്യാന്‍ ഇസില്‍ തീവ്രവാദികള്‍ ഉപയോഗപ്പെടുത്തിയിരുന്ന ദമസ്‌കസിലെ ഒരു വിതരണ ശൃംഖലയും നശിപ്പിച്ചു.
അതിനിടെ സിറിയയിലെ വിവിധ തീവ്രവാദി സംഘടനകള്‍ക്കിടയില്‍ സംഘര്‍ഷവും തര്‍ക്കങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കകയാണെന്ന് റഷ്യ ചൂണ്ടിക്കാട്ടി. പ്രദേശങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുക, കാശിന്റെ ഒഴുക്ക് എന്നീ വിഷയങ്ങളിലാണ് പ്രധാനമായും സംഘര്‍ഷം ഉണ്ടാകാറുള്ളതെന്നാണ് സൂചന. അന്നുസ്‌റ ഫ്രണ്ടിനെതിരെ കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഇസില് തീവ്രവാദികള്‍ മൂന്ന് ഭീകരാക്രമണങ്ങള്‍ നടത്തിയിരുന്നു.

Latest