പശുവിനെ കൊല്ലുന്നവര്‍ കൊല്ലപ്പെടണമെന്ന് ആര്‍ എസ് എസ്

Posted on: October 18, 2015 8:07 pm | Last updated: October 19, 2015 at 10:27 pm
SHARE

rssന്യൂഡല്‍ഹി: രാജ്യത്ത് പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ വിധിച്ച് ആര്‍ എസ് എസ് മുഖപത്രം. പശുക്കളെ കൊല്ലുന്ന പാപികളെ വധിക്കാമെന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ആര്‍ എസ് എസ് മുഖപത്രമായ പാഞ്ചജന്യത്തില്‍ പ്രസിദ്ധീകരിച്ച മുഖലേഖനത്തില്‍ പറയുന്നത്. ഹിന്ദി എഴുത്തുകാരനായ വിനയ്കൃഷ്ണ ചതുര്‍വേദിയാണ് ‘അസ്വസ്ഥതയുടെ മറുപുറം’ എന്ന ലേഖനം പാഞ്ചജന്യത്തില്‍ എഴുതിയിരിക്കുന്നത്. മതപരിവര്‍ത്തനത്തിലൂടെ പശുവിറച്ചി നമ്മുടെ വായില്‍ തിരികിക്കേറ്റാന്‍ മുസ്‌ലിംകള്‍ നൂറ്റാണ്ടുകളായി ശ്രമിച്ചുവരികയാണെന്നും ലേഖനം പറയുന്നു. പശുവിനെ കൊല്ലുന്നത് ഹിന്ദുക്കളെ സംബന്ധിച്ച് ജീവന്റെയും മരണത്തിന്റെയും പ്രശ്‌നമാണ്. പശുവിനെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് യജുര്‍വേദത്തില്‍ പറയുന്നുണ്ട്.
ഇന്ത്യന്‍ സംസ്‌കാരത്തെ വെറുക്കാനാണ് രാജ്യവ്യാപകമായി മുസ്‌ലിംകള്‍ മദ്‌റസകളില്‍ പഠിപ്പിക്കുന്നതെന്നും ലേഖനം ആരോപണമുന്നയിക്കുന്നുണ്ട്. രാജ്യത്തെ മുസ്‌ലിം നേതാക്കളും മദ്‌റസകളും ഇന്ത്യയിലെ മുസ്‌ലിംകളെ രാജ്യത്തിന്റെ പാരമ്പര്യത്തെയും നിഷ്ഠകളെയും നിന്ദിക്കാനും വെറുക്കാനും പഠിപ്പിക്കുകയാണെന്നാണ് കുറ്റപ്പെടുത്തുന്നത്. ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖ് പശുവിനെ അറുത്തത് ഇതില്‍ നിന്നുള്ള സ്വാധീനമുള്‍ക്കൊണ്ടാണെന്നും മുഖപ്രസംഗം സമര്‍ഥിക്കുന്നു. അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതോടെ മുഹമ്മദ് അഖ്‌ലാഖ് പശുവിനെ കൊന്നുവെന്ന ആരോപണം കള്ളമാണെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കുന്നില്ലെന്നാണ് ലേഖനം വ്യക്തമാക്കുന്നത്.
അഖ്‌ലാഖിന്റെ കൊലപാതകം പശുവിനെ കൊന്നതിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ്. ഭൂരിപക്ഷത്തിന്റെ വികാരങ്ങളെ മാനിച്ചില്ലെങ്കില്‍ അതിന്റെ പ്രതികരണം എങ്ങനെയാകുമെന്ന് പറയാനാകില്ല. പശുവിനെ കൊല്ലുന്നവരെ സമൂഹം ഒരിക്കലും ഓര്‍ക്കില്ല. പശുക്കളെ കൊല്ലുന്നത് തടയാന്‍ ശ്രമിച്ച് രക്തസാക്ഷിത്വം വരിച്ചവരെ സമൂഹം എന്നും ഓര്‍ക്കുമെന്നും ലേഖനം പരാമര്‍ശിക്കുന്നു.
ഗോവധം നിരോധിക്കണമെന്നത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആവശ്യമാണെന്നും നമ്മുടെ പൂര്‍വികര്‍ പലരും ഇതിനായി രക്തസാക്ഷിത്വം വരിച്ചിട്ടുമുണ്ടെന്നും പറയുന്ന ലേഖനം പശുവിനെ കൊല്ലുന്നവരെ വധിക്കുന്നത് സ്വഭാവിക പ്രതികരണം മാത്രമാണെന്നും ന്യായീകരിക്കുന്നു. ഇതോടൊപ്പം ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയ സാഹിത്യകാരന്മാരെ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്ന എഴുത്തുകാര്‍ എന്തുകൊണ്ടാണ് പശുവിനെ കൊല്ലുന്നതില്‍ മൗനംപാലിക്കതെന്നും ചോദിക്കുന്നുണ്ട്.
ലേഖനവുമായി ബന്ധപ്പെട്ട് വിവാദം ശക്തമായതോടെ ലേഖനത്തിലുള്ളത് ആര്‍ എസ് എസിന്റെ അഭിപ്രായമല്ലെന്നും വിനയ്കൃഷ്ണ ചതുര്‍വേദി പത്രാധിപസമിതിയില്‍ അംഗമല്ലെന്നുമുള്ള വാദവുമായി പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ രംഗത്തെത്തി.
അതേസമയം, ദാദ്രി കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ആറ് പ്രതികളെ വിട്ടയക്കണമെന്നും ബീഫ് കഴിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി രംഗത്തെത്തി. കൊലക്കേസില്‍ അറസ്റ്റിലായവരെല്ലാം നിരപരാധികളാണ്. അവരെ ഉടന്‍ വിട്ടയക്കണം. ഗോവധം നടത്തിയവര്‍ക്കും അത് കഴിച്ചവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി ജെ പി നേതാവ് വിചിത്ര തോമര്‍ ആവശ്യപ്പെട്ടു. കൊലപാതകം നടന്ന ഉത്തര്‍പ്രദേശിലെ ദാദ്രിക്കടുത്ത ദൂം മണിക്പൂര്‍ ഗ്രാമത്തില്‍ സ്‌കൂളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ബി ജെ പി നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. ജില്ലാ മജിസ്‌ട്രേറ്റിനെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here