Connect with us

National

പശുവിനെ കൊന്നുവെന്നാരോപിച്ച് ജമ്മുവില്‍ യുവാവിനെ കൊലപ്പെടുത്തി

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഉധംപൂരില്‍ പശുക്കളുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പരുക്കേറ്റ ട്രക്ക് ഡ്രൈവര്‍ ഡല്‍ഹി ആശുപത്രിയില്‍ മരിച്ചു. ഉധംപൂരില്‍ പത്ത് ദിവസം മുമ്പുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ സാഹിദ് അഹ്മദ് ആണ് മരിച്ചത്. ഇതേത്തുടര്‍ന്ന് കാശ്മീര്‍ താഴ്‌വരയില്‍ ഇന്നലെ വീണ്ടും സംഘര്‍ഷമുണ്ടായി. അക്രമാസക്തരായ ജനക്കൂട്ടം അനന്ത്‌നാഗ് ജില്ലയില്‍ പോലീസിന് നേരെ കല്ലേറ് നടത്തി. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
ഈ മാസം ഒമ്പതിനാണ് സംഭവം നടന്നത്. മൂന്ന് പശുക്കളെ കൊന്നതായി കിംവദന്തി പരന്നതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. ഈ സമയം സഹീദും സഹായിയായ ശൗക്കത്തും ട്രക്കില്‍ ശ്രീനഗറിലേക്ക് പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ട്രക്കിന് നേരെ നടന്ന പെട്രോള്‍ ബോംബ് ആക്രമണത്തില്‍ സഹീദിന് അറുപത് ശതമാനം പൊള്ളലേറ്റിരുന്നു. രണ്ട് പേരെയും തുടര്‍ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.
പശുക്കള്‍ ഭക്ഷ്യവിഷബാധയേറ്റാണ് ചത്തതെന്ന് പരിശോധനയില്‍ വ്യക്തമായെന്നും ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നതിനാണ് പശുക്കളെ കശാപ്പ് ചെയ്തതെന്ന പ്രചാരണം നടത്തിയതെന്നും അധികൃതര്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ജമ്മു കാശ്മീര്‍ നിയമസഭയിലും ബഹളമുണ്ടായി. ഭരണകക്ഷിയായ ബി ജെ പിയെ വിമര്‍ശിച്ച് പ്രതിപക്ഷമായ നാഷനല്‍ കോണ്‍ഫറന്‍സ് രംഗത്തെത്തി.
പെട്രോള്‍ ബോംബ് ആക്രമണം നടത്തിയ ഏഴ് പേരില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബീഫ് പാര്‍ട്ടി നടത്തിയെന്ന് ആരോപിച്ച്, സ്വതന്ത്ര എം എല്‍ എയായ എന്‍ജിനീയര്‍ റാശിദിനെ ബി ജെ പി. അംഗങ്ങള്‍ നേരത്തെ നിയമസഭയില്‍ കൈയേറ്റം ചെയ്തിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ ചേര്‍ന്നാണ് റാശിദിനെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
ഗോവധവും മാട്ടിറച്ചി വില്‍പ്പനയും നിരോധിച്ചുകൊണ്ടുള്ള പഴയ നിയമം ശക്തമായി നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷത്തിന് തുടക്കമായത്. ഇതിന് പിന്നാലെ മുന്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നിരുന്നു. ഇതിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ കന്നുകാലികളെ കള്ളക്കടത്ത് നടത്തിയെന്നാരോപിച്ച് ട്രക്ക് ഡ്രൈവറെ പോലീസിന് മുന്നില്‍വെച്ച് ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

Latest