ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ സ്വത്തുവിവരം സമര്‍പ്പിച്ചില്ല

Posted on: October 18, 2015 12:57 am | Last updated: October 18, 2015 at 12:57 am

കൊച്ചി: രാജ്യത്തെ 358 ഐ എ എസുകാരും 348 ഐ പി എസുകാരും സമയപരിധി കഴിഞ്ഞ് ഒമ്പത് മാസം പൂര്‍ത്തിയായിട്ടും സ്വത്തുവിവരം സമര്‍പ്പിച്ചില്ല. കേരള കേഡറിലുള്ള 413 ഐ പി എസുകാരില്‍ 24 പേരും 149 ഐ എ എസുകാരില്‍ രണ്ട് പേരും ഇതുവരെയും സ്വത്തുവിവരം നല്‍കിയിട്ടില്ല. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലാണ് ഈ വിവരങ്ങളുള്ളത്.
രാജ്യത്ത് ആകെ 4481 ഐ എ എസ് ഓഫീസര്‍മാരാണുള്ളത്. അതില്‍ 4123 പേരാണ് ഇതിനകം സ്വത്തുവിവരം നല്‍കിയത്. 13,337 ഐ പി എസ് ഉദ്യോഗസ്ഥര്‍ സ്വത്തുവിവരം നല്‍കിയപ്പോള്‍ 348 പേര്‍ വീഴ്ച വരുത്തി. ഏറ്റവുമധികം ഐ പി എസ് ഉദ്യോഗസ്ഥര്‍ സ്വത്തുവിവരം നല്‍കാനുള്ളത് യു പിയിലാണ്. 1189 ഐ എ എസ് ഉദ്യോഗസ്ഥരില്‍ 413 പേര്‍ ഇനിയും സ്വത്തുവിവരം നല്‍കിയിട്ടില്ല. മഹാരാഷ്ട്രയില്‍ 762 ല്‍ 49 പേരും ആന്ധ്രയില്‍ 861 ല്‍ 30 പേരും തമിഴ്‌നാട്ടില്‍ 900ല്‍ 10 പേരും കര്‍ണാടകയില്‍ 557ല്‍ 16 പേരുമാണ് സ്വത്തുവിവരം നല്‍കാനുള്ളത്.
അഖിലേന്ത്യാ സര്‍വീസ് ചട്ടപ്രകാരം എല്ലാ വര്‍ഷവും ജനുവരി 30നുള്ളിലാണ് ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്വത്തുവിവരം സമര്‍പ്പിക്കേണ്ടത്. അഴിമതി തടയുന്നതിനുള്ള മാര്‍ഗമെന്ന നിലയിലാണ് സ്വത്തുവിവരം നല്‍കാനുള്ള ചട്ടങ്ങള്‍ നിര്‍മിച്ചത്. ചട്ടം ലംഘിക്കുന്നവര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നല്‍കാന്‍ പാടില്ലെന്നും സ്ഥാനക്കയറ്റം തടയണമെന്നും 2012 ജൂണില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അത് നടപ്പിലായില്ല.
ലോക്പാല്‍ വന്നതോടെ ഇതുസംബന്ധിച്ച നിബന്ധനകള്‍ കര്‍ക്കശമായി. നിയമത്തിലെ 44 ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചട്ടത്തിലെ മാതൃകയില്‍ വിശദമായ സ്വത്തുവിവരം സമര്‍പ്പിക്കുകയും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. എന്നാല്‍ ഇതുവരെയും ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഇതിനുള്ള അവസാന തീയതി പല പ്രാവശ്യം നീട്ടി അവസാനം 2015 ഒക്ടോബര്‍ 15നകം എന്നാണ് തീരുമാനിച്ചത്. ഇപ്പോള്‍ 2016 ഏപ്രില്‍ 15 വരെ നീട്ടിക്കൊണ്ട് കഴിഞ്ഞ 11ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
സ്വത്തുവിവരം സമര്‍പ്പിക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേന്ദ്ര സര്‍ക്കാര്‍ കാണിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി ബി ബിനു ആവശ്യപ്പെട്ടു.

ഋഷിരാജ് സിംഗിനും കുടുംബത്തിനും
സ്വന്തമായി സ്വത്തില്ല
കൊച്ചി: ഋഷിരാജ് സിംഗ് ഐ പി എസിനും കുടുംബത്തിനും സ്വന്തമായി സ്വത്തില്ല. സ്വത്തുവിവരം സംബന്ധിച്ച് ഋഷിരാജ് സിംഗ് നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്ത് രേഖപ്പെടുത്തുന്ന കോളത്തില്‍ ഇല്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിലെ ചീഫ് വിജിലന്‍സ് ഓഫീസറായിരിക്കെ ജനുവരി രണ്ടിനാണ് ഋഷിരാജ് സിംഗ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
കേരള കേഡറിലുള്ള മറ്റ് ഐ പി എസ് ഉദ്യോഗസ്ഥര്‍ അവരുടെ പേരിലും ഭാര്യയുടെയും മക്കളുടെയും പേരിലും 2014 വരെയുള്ള സ്വത്തുക്കളുടെ വിശദമായ വിവരങ്ങള്‍ സമര്‍പ്പിച്ചപ്പോഴാണ് ഋഷിരാജ് സിംഗ് മാത്രം സ്വത്തിന്റെ കോളത്തില്‍ ഇല്ല എന്ന് എഴുതി സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. 79,000 പ്രതിമാസ ശമ്പളമുണ്ടെന്നും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരില്‍ നല്ലൊരു ശതമാനം പേരും സ്വത്തുവിവരം നല്‍കിയിരിക്കുന്നത് സ്വത്തിന്റെ കോളത്തില്‍ ഇല്ല എന്ന് രേഖപ്പെടുത്തിക്കൊണ്ടാണെന്ന് മുന്‍ മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന വജാഹത്ത് ഹബീബുല്ല അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ സ്വത്തില്ലാത്ത ഒരു ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥനും ഇന്ത്യയില്‍ ഇല്ലെന്നാണ് ഹബീബുല്ല പറയുന്നത്. രാജസ്ഥാനിലെ ബിക്കാനീറിലുള്ള പുഗല്‍ രാജകുടുംബത്തില്‍ നിന്നുള്ള രജപുത്ര വംശജനായ ഋഷിരാജ് സിംഗ് 1985 ബാച്ചില്‍ പെട്ട കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്. അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയും നടപടികളിലൂടെയുമാണ് ഋഷിരാജ് സിംഗ് കേരളത്തിന്റെയാകെ ആരാധനാ പാത്രമായത്.