തിരഞ്ഞെടുപ്പിന് മുമ്പ് അക്രമം അഴിച്ചുവിടാന്‍ സി പി എം ശ്രമം: ഹസന്‍

Posted on: October 18, 2015 12:51 am | Last updated: October 18, 2015 at 12:51 am
SHARE

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അക്രമമഴിച്ചുവിടാനാണ് സി പി എമ്മിന്റെ ശ്രമമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍. കണ്ണൂര്‍ ജില്ലയിലാണ് അക്രമം ഏറെയും നടക്കുന്നത്. സ്ഥാനാര്‍ഥികളായ കോണ്‍ഗ്രസുകാരെ വീടിന് പുറത്തിറങ്ങാന്‍ പോലും സി പി എം പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസന്‍.
കണ്ണൂരില്‍ സമാധാനമായ അന്തരീക്ഷത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര സേനയെ കൊണ്ടുവരാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണം. തളിപ്പറമ്പ് നഗരസഭ വിഭജിച്ച് രൂപവത്കരിച്ച ആന്തൂരില്‍ സി പി എമ്മുകാര്‍ എതിരില്ലാതെ വിജയിച്ചതിന് പിന്നില്‍ അക്രമ രാഷ്ട്രീയവും ഭീഷണിയുമാണ്. നാല് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നല്‍കിയ പത്രിക തള്ളിയതിന് പിന്നിലും സി പി എമ്മാണ്. സി പി എമ്മിന്റെ അക്രമ തേര്‍വാഴ്ചയാണ് ഇവിടെ നടക്കുന്നത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയാണ്.
തളിപ്പറമ്പ് കൂവോട് വാര്‍ഡിലെ സ്ഥാനാര്‍ഥി കെ രഞ്ജിത്തിന്റെ വീട്ടില്‍ കയറി സി പി എം നേതാക്കള്‍ വധഭീഷണി മുഴക്കി പത്രിക പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചു. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, പാപ്പിനിശേരി, മുഴക്കുന്ന്, മാങ്ങാട്ടിടം പഞ്ചായത്തുകളിലും സി പി എം അക്രമം നടത്തുകയാണ്. തിരുവനന്തപുരത്ത് കടകംപള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീടുകയറി ആക്രമിച്ചതായും ഹസന്‍ പറഞ്ഞു.
കൊലക്കേസ് പ്രതികളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. പാര്‍ട്ടി ഗ്രാമങ്ങളില്‍ കാരായിമാരെ നിര്‍ത്തി വിജയിപ്പിച്ച് ജനഹിതം ലഭിച്ചു എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുവഴി ജുഡീഷ്യറിയെ സ്വാധീനിക്കാനാണ് നീക്കം. ഇതുവഴി അക്രമികള്‍ക്കും കൊലക്കേസ് പ്രതികള്‍ക്കും സി പി എം പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് തെളിയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും മുന്നണിയും തമ്മിലുള്ള ചുരുക്കം ചില സീറ്റുകളെ ചൊല്ലിയുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here