യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജൊ ബിഡന്‍ മത്സരിച്ചേക്കുമെന്ന്

Posted on: October 18, 2015 12:46 am | Last updated: October 18, 2015 at 12:46 am
SHARE

BIDEN_TOUT2വാഷിംഗ്ടണ്‍: അടുത്ത വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് ജൊ ബിഡന്‍ സ്ഥാനാര്‍ഥിയാകുമെന്നത് സംബന്ധിച്ച് ഊഹാപോഹങ്ങളുയരുന്നു. ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് നിശബ്ദത പാലിക്കുമ്പോള്‍ ഇത് സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് പ്രസിഡന്റ് ബരാക് ഒബാമ ഒഴിഞ്ഞുമാറുകയാണ്. ബിഡന്റെ അടുത്ത സഹായിയായ ടെഡ് കൗഫ്മാന്റെ ഒരു ഇ മെയിലാണ് ബിഡന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുന്നത്. വൈസ് പ്രസിഡന്റിന്റെ പ്രചാരണം ശുഭാപ്തിവിശ്വാസമുള്ളതും ഹ്യദയത്തില്‍നിന്നു വരുന്നതും മുന്‍കൂട്ടിതയ്യാറാക്കാത്തതുമായിരിക്കുമെന്ന് കൗഫ്മാന്‍ അണികള്‍ക്കയച്ച ഇ മെയിലില്‍ പറയുന്നു. കഴിഞ്ഞ ദിവസം അയച്ച ഇ മെയിലിനെത്തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങളുടെ അന്താരാഷ്ട്ര അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബിഡന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക സന്തുലിതാവസ്ഥയില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകാനും രാഷ്ട്രീയ ഘടന പുനഃക്രമീകരിച്ച് മധ്യവര്‍ഗത്തിന് മുന്നേറാനും ബിഡന്റെ സ്ഥാനാര്‍ഥിത്വത്തിനാകുമെന്നും കൗഫ്മാന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തമായ ചിത്രമുണ്ടാകുമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ബിഡന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഒബാമ തയ്യാറായില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ബിഡനോട് നേരിട്ട് ചോദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here