Connect with us

International

തുര്‍ക്കി തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി 12 മരണം

Published

|

Last Updated

അങ്കാറ: ഗ്രീസിലേക്കുള്ള കുടിയേറ്റക്കാര്‍ സഞ്ചരിക്കുകയായിരുന്ന ബോട്ട് തുര്‍ക്കി തീരത്ത് മുങ്ങി 12 പേര്‍ മരിച്ചു. 25 പേര്‍ രക്ഷപ്പെട്ടതായി തുര്‍ക്കി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരം കൊണ്ട് നിര്‍മിച്ച ബോട്ടില്‍ നിന്ന് തുര്‍ക്കി തീരദേശ സേനയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത് . വടക്ക് പടിഞ്ഞാറന്‍ തുര്‍ക്കിയിലെ കടലോര പട്ടണമായ അയ്‌വാലികില്‍ നിന്ന് കുടിയേറ്റക്കാരുമായി ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് പോകുകയായിരുന്നു ബോട്ടെന്ന് അന്റോലിയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുങ്ങിക്കൊണ്ടിരുന്ന ബോട്ടിലുണ്ടായിരുന്നവര്‍ മൊബൈല്‍ ഫോണില്‍ സഹായത്തിനായി അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ 25 ഓളം പേരെ രക്ഷപ്പെടുത്തി. എന്നാല്‍ ബോട്ടിലുണ്ടായിരുന്നവര്‍ ഏത് രാജ്യക്കാരാണെന്ന് വാര്‍ത്താ ഏജന്‍സി സൂചിപ്പിച്ചിട്ടില്ല. അയല്‍ രാജ്യമായ സിറിയയില്‍ ആഭ്യന്തര യുദ്ധം നടക്കുന്നതിനാല്‍ തുര്‍ക്കി അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഈ വര്‍ഷം 3,000ത്തോളം കുടിയേറ്റക്കാരും അഭയാര്‍ഥികളും മരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിക്കുകയായിരുന്നു. ഗ്രീസിലെത്തിയ നിരവധി അഭയാര്‍ഥികളുടെ അഭയാര്‍ഥി അപേക്ഷ തള്ളിപ്പോയിട്ടുണ്ട്.

Latest