മലബാര്‍ അഭ്യാസം: മുന്നറിയിപ്പുമായി ചൈന

Posted on: October 18, 2015 3:38 am | Last updated: October 18, 2015 at 3:51 pm

ins-shivalik-ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ അമേരിക്കയുടെയും ഇന്ത്യയുടെയും ജപ്പാന്റെയും യുദ്ധക്കപ്പലുകളും വിമാനവാഹിനികളും ഇരച്ചെത്തി. സംയുക്ത സൈനിക അഭ്യാസമായ മലബാര്‍ എക്‌സര്‍സൈസില്‍ പങ്കെടുക്കുന്ന മുങ്ങിക്കപ്പലുകളടക്കമുള്ള നാവിക സന്നാഹങ്ങള്‍ ആറ് ദിവസം കടല്‍പ്പരപ്പിനെ സജീവമാക്കും. ഇന്ത്യയുടെ കിഴക്കന്‍ കടലില്‍ നടക്കുന്ന അഭ്യാസം ആരെയും ലക്ഷ്യമിട്ടല്ലെന്ന് മൂന്ന് രാഷ്ട്രങ്ങളിലെയും ഔദ്യോഗിക വൃത്തങ്ങള്‍ തറപ്പിച്ച് പറയുമ്പോഴും മേഖലയില്‍ ചൈന കൈവരിക്കുന്ന മേധാവിത്വത്തെ വെല്ലുവിളിക്കുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അഭ്യാസത്തിന്റെ ആദ്യ ഘട്ടം കരയിലെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടതായിരുന്നു. ‘ഹാര്‍ബര്‍’ എന്ന ഈ ഘട്ടം ചെന്നൈയിലാണ് നടന്നത്. ഇതിന് വെള്ളിയാഴ്ചയാണ് പരിസമാപ്തിയായത്. ഇതിന് തുടര്‍ച്ചയായാണ് കടലിലെ അഭ്യാസം തുടങ്ങിയത്. അമേരിക്കയുടെ പ്രസിദ്ധമായ യു എസ് എസ് തിയോഡര്‍ റൂസ്‌വെല്‍റ്റ് എന്ന ആണവായുധ ശേഷിയുള്ള മുങ്ങിക്കപ്പല്‍ അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതിനിടെ, ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും ഊഷ്മളമായ കാലമാണിതെന്നും ഈ ഘട്ടത്തില്‍ ചൈനാവിരുദ്ധ ക്യാമ്പില്‍ ഇന്ത്യ കുടുങ്ങിപ്പോകരുതെന്നും ചൈനീസ് ഔദ്യോഗിക പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു.