Connect with us

National

കുടിവെള്ള തട്ടിപ്പ്: രണ്ട് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ള (റെയില്‍ നീര്‍) വുമായി ബന്ധപ്പെട്ട അഴിമതിയില്‍ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. വടക്കന്‍ റെയില്‍വേ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാരായിരുന്ന എം എസ് ചാലിയ, സന്ദീപ് സിലാസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്രെയിനുകളില്‍ വിതരണം ചെയ്യേണ്ട അംഗീകൃത കുപ്പിവെളളത്തിനു പകരം റെയില്‍വെ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഗുണനിലവാരമില്ലാത്ത കുടിവെള്ളം വിതരണം ചെയ്തതായി സി ബി ഐ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ 20കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഡല്‍ഹിയിലും നോയിഡയിലും പ്രവര്‍ത്തിക്കുന്ന രണ്ട് റെയില്‍വെ ഉദ്യോഗസ്ഥരുടെയും ഏഴ് സ്വകാര്യ കമ്പനികളുടെയും ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലായിരുന്നു സി ബി ഐ റെയ്ഡ്. ഐ ആര്‍ സി ടി സി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് പകരം പുറത്തുനിന്ന് കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം കൊണ്ടുവന്ന് കരാറുകാര്‍ വില്‍ക്കുന്നുവെന്ന് റെയ്ഡില്‍ കണ്ടെത്തി. ഐ ആര്‍ സി ടി സിയില്‍ നിന്ന് കുപ്പി ഒന്നിന് 10.50 രൂപക്ക് റെയില്‍നീര്‍ വാങ്ങി 15 രൂപക്ക് കരാറുകാര്‍ വില്‍ക്കണമെന്നായിരുന്നു മാനദണ്ഡം. ഇതിനു പകരം ആറ് രൂപക്ക് സ്വകാര്യ നിര്‍മാതാക്കളില്‍ നിന്ന് ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം വാങ്ങി 15 രൂപക്ക് വ്യാജ ബ്രാന്‍ഡ് വിലാസത്തില്‍ കരാറുകാര്‍ ട്രെയിനുകളില്‍ വില്‍ക്കുകയായിരുന്നു. കരാറുകാര്‍ മുന്‍ നിശ്ചയിച്ചത്രയും റെയില്‍ നീര്‍ വിതരണം ചെയ്യുന്നില്ലെന്ന ഐ ആര്‍ സി ടി സിയുടെ പരാതിയെ തുടര്‍ന്നാണ് സി ബി ഐ റെയ്ഡ് നടത്തിയത്.