അപകടം തിരിച്ചറിയണം

Posted on: October 18, 2015 12:28 am | Last updated: October 18, 2015 at 12:28 am
SHARE

കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചതെന്ന് നാം അഭിമാനിക്കുന്ന രാജ്യത്തിന്റെ നയനിലപാടുകളില്‍ മാറ്റം വരുത്താന്‍ വിദേശ ശക്തികള്‍ വളച്ചുകെട്ടില്ലാതെ ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. സാമ്രാജ്യത്വ ശക്തികളുടെ ആജ്ഞാനുവര്‍ത്തികളായ ഇവര്‍ ഇന്ത്യ പിന്തുടരുന്ന സഞ്ചാരപഥത്തില്‍ എതിര്‍പ്പുള്ളവരാണ്. പണ്ട് സ്വകാര്യമായോ പരോക്ഷമായോ ആണ് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ പരസ്യമായിതന്നെ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ഇവര്‍ക്ക് ധൈര്യം വന്നിരിക്കുന്നു. ജറൂസലമിലെ കിംഗ് ഡേവിഡ് ഹോട്ടലില്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് വ്യാഴാഴ്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരുക്കിയ ഉച്ചവിരുന്നിലാണ് ഇന്ത്യ നയ നിലപാടുകള്‍ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്. ‘ഫലസ്തീന് അനുകൂലമായ നയം ഇന്ത്യ അവസാനിപ്പിക്കണമെന്ന് ഇസ്‌റാഈല്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ഇന്ത്യ ഈ നിലപാട് മാറ്റുമെന്ന് ഇസ്‌റാഈല്‍ പ്രതീക്ഷിക്കുന്നു’ -നെതന്യാഹു വളച്ചുകെട്ടില്ലാതെ പറഞ്ഞതായാണ് വിശ്വസനീയമായ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുഖര്‍ജി ഒരു രാത്രി ഫലസ്തീനില്‍ തങ്ങിയതിലും ഇസ്‌റാഈലിന് അസംതൃപ്തിയുണ്ടത്രെ. ബുധനാഴ്ച ഇസ്‌റാഈല്‍ പാര്‍ലിമെന്റായ ‘നെസറ്റില്‍’ സംസാരിക്കവെ പ്രണാബ് മുഖര്‍ജി ഫലസ്തീനെ പരാമര്‍ശിച്ചതേയില്ലെന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ ഇന്ത്യ ഇസ്‌റാഈലുമായി പുലര്‍ത്തുന്ന സഹകരണത്തില്‍ ഊന്നിയായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. പ്രത്യേകിച്ചും ഫലസ്തീനില്‍ ഇസ്‌റാഈല്‍ നരവേട്ട തുടരുമ്പോള്‍. ഫലസ്തീനിലും ജോര്‍ദാനിലും നടത്തിയ പ്രസംഗത്തില്‍ മാത്രമാണ് രാഷ്ട്രപതി ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞത്.
നവസ്വതന്ത്ര രാഷ്ട്രങ്ങളടക്കം മൂന്നാം ലോക രാഷ്ട്രങ്ങളുടെ നായക സ്ഥാനം ഒരു ഘട്ടത്തില്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍, പഴയ സ്വീകാര്യത ഇപ്പോള്‍ ഇന്ത്യക്കില്ല. മഹാത്മാ ഗാന്ധിയുടെ, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ, ഇന്ദിരാഗാന്ധിയുടെ ധീരമായ നേതൃത്വത്തിന് കീഴില്‍ വ്യക്തതയോടെ കരുപ്പിടിപ്പിച്ച ചേരി ചേരായ്മ പ്രസ്ഥാനത്തില്‍ നിന്ന് ഇന്ത്യ വഴിമാറിത്തുടങ്ങിയിട്ട് കുറച്ച് കാലമായി. സാമ്രാജ്യത്വശക്തികള്‍ മുന്‍വെച്ച ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ക്കനുസൃതമായി ഇന്ത്യ ചുവടുവെച്ച് തുടങ്ങിയത് പി വി നരസിംഹ റാവു കോണ്‍ഗ്രസിന്റെ നേതൃത്വവും രാജ്യത്തിന്റെ പ്രധാനമന്ത്രി പദവും ഏറ്റെടുത്ത ശേഷമാണ്. തുടര്‍ന്ന് രാജ്യത്തിന്റെ വിദേശനയം പോലും തിരുത്തിക്കുറിക്കാന്‍ ഭരണകൂടത്തിന് ധൈര്യംവന്നു. അമേരിക്കയുമായി ആണവസഹകരണമെന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ത്യയെ ‘വികസിത രാഷ്ട്രമാക്കാന്‍ ‘ അമേരിക്ക നടത്തിയ കളികള്‍ നാം കണ്ടതാണ്. കണ്ടുകൊണ്ടിരിക്കുകയാണ്. നെഹ്‌റുവും ഇന്ദിരയും രൂപകല്‍പ്പന ചെയ്ത സോഷ്യലിസ്റ്റ് കാഴ്ചപ്പാടോട് കൂടിയ നയ നിലപാടുകള്‍ ഇപ്പോള്‍ സാമ്രാജ്യത്വ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങിയിരിക്കുന്നു. അമേരിക്ക നേതൃത്വം നല്‍കുന്ന സാമ്രാജ്യത്വശക്തികള്‍ക്കൊപ്പമാണ് ഇന്ത്യ ഇപ്പോള്‍. നവസ്വതന്ത്ര രാഷ്ട്രങ്ങള്‍. അറബ് രാഷ്ട്രങ്ങള്‍, ദാരിദ്ര്യവും പട്ടിണിയും കൊടികുത്തിവാഴുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങി നാം നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നവരെ ഒന്നൊന്നായി ഇന്ത്യയില്‍ നിന്നും അടര്‍ത്തിയെടുത്ത ശക്തികള്‍ ആരൊക്കെയെന്ന് തിരിച്ചറിയാന്‍ അത്ര അതിബുദ്ധിയൊന്നും ആവശ്യമില്ല. ഏറ്റവും ഒടുവില്‍ സിയോണിസ്റ്റ് രാഷ്ട്രമായ ഇസ്‌റാഈല്‍ പോലും ഇന്ത്യ ഏത് പാതയില്‍ സഞ്ചരിക്കണമെന്ന് നിര്‍ദ്ദേശിച്ച് തുടങ്ങിയിരിക്കുന്നു.
രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് ഒരുക്കിയ വിരുന്നിലാണ്, ഇന്ത്യാ സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും നയപരമായ നിലപാട് എന്തായിരിക്കണമെന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതനാഹ്യു നിര്‍ദേശിച്ചതെന്നത് അതിരുവിട്ട നടപടിയാണ്, ധിക്കാരവുമാണ്. ലോക പൊതുജനാഭിപ്രായത്തെ, ഐക്യരാഷ്ട്രസഭയെ മാനിക്കാന്‍ ഇനിയും തയ്യാറാകാത്ത രാജ്യമാണ് ഇസ്‌റാഈല്‍. ഇസ്‌റാഈലും ഇന്ത്യയും തമ്മിലുള്ള ബന്ധം. പ്രധാനമായും ആയുധക്കച്ചവടത്തിലാണ്. ഇന്ത്യയെ വലിയ സൈനികശക്തിയായി മാറ്റാനാണ് ഇപ്പോള്‍ ഭരണകൂടത്തിന്റെ നീക്കം. അഹിംസയുടെയും സമാധാനത്തിന്റെയും വക്താവായിരുന്ന ഇന്ത്യയെ അടിമുടി ആയുധമണിയിക്കാനുള്ള നീക്കം ആപത്കരമാണ്. ഇന്ത്യന്‍ ജനത ഈ അപകടം തിരിച്ചറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here