Connect with us

Kerala

ഒച്ചയനക്കമില്ലാതെ കണിച്ചുകുളങ്ങരയിലെ വീട്

Published

|

Last Updated

ആലപ്പുഴ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പതിവ് തിരക്കുകളില്‍ നിന്നൊഴിഞ്ഞ് എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറിയും അദ്ദേഹത്തിന്റെ കണിച്ചുകുളങ്ങരയിലെ വീടും. സാധാരണ നിലയില്‍ സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേതുള്‍പ്പെടെ ഏത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടാലും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ഥികളും ആശിര്‍വാദം തേടി ആദ്യമെത്തിയിരുന്നത് കണിച്ചുകുളങ്ങരയിലെ എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറിയുടെ വസതിയിലാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളടക്കം അദ്ദേഹത്തിന്റെ അഭിപ്രായത്തിന് വില കല്‍പ്പിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോട് വില പേശി സ്വന്തം അനുയായികള്‍ക്ക് സീറ്റ് നേടിക്കൊടുത്തിരുന്ന വെള്ളാപ്പള്ളി ഈ തിരഞ്ഞെടുപ്പില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. സ്വന്തം സമുദായാംഗങ്ങള്‍ പോലും സീറ്റ് ചോദിക്കാനോ ആശീര്‍വാദം തേടാനോ കണിച്ചുകുളങ്ങരയിലെത്തുന്നില്ലെന്നത് വെള്ളാപ്പള്ളിയെ ആശങ്കയിലാക്കുന്നു. ചിലയിടങ്ങളില്‍ എസ് എന്‍ ഡി പി, ബി ജെ പിയുമായി ചേര്‍ന്ന് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ടെങ്കിലും ഇവര്‍ പോലും അനുഗ്രഹം തേടി യോഗം ജനറല്‍ സെക്രട്ടറിയെ സമീപിക്കുന്നില്ലെന്നാണ് പൊതുവെയുള്ള വിവരം.
ബി ജെ പിയുമായി എസ് എന്‍ ഡി പി യോഗത്തിന് വിപുലമായ സഖ്യം ഉണ്ടാക്കാന്‍ കഴിയാതിരുന്നതോടെ ബി ജെ പി സ്ഥാനാര്‍ഥികളും നേതാക്കളും കണിച്ചുകുളങ്ങരയിലേക്ക് തിരിഞ്ഞുനോക്കുന്നു പോലുമില്ല. മൈക്രോ ഫിനാന്‍സ്, ചിട്ടി തട്ടിപ്പ്, അധ്യാപക നിയമനങ്ങളിലെ അഴിമതി എന്നിവക്ക് പുറമെ ശാശ്വതീകാനന്ദ സ്വാമിയുടേതടക്കമുള്ള വിവിധ ദുരൂഹ മരണങ്ങള്‍ എന്നിവയിലെല്ലാം ആരോപണ വിധേയനായ വെള്ളാപ്പള്ളിയെ നേരില്‍ കാണുന്നതും ആശീര്‍വാദം തേടുന്നതും വിപരീത ഫലം ഉളവാക്കുമെന്ന തിരിച്ചറിവിലാണ് സ്വന്തം സമുദായാംഗങ്ങളില്‍ പെട്ട സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും. അത് കൊണ്ട് തന്നെ വെള്ളാപ്പള്ളിയെ കാണാനോ അദ്ദേഹത്തിന്റെ ആശീര്‍വാദം നേടാനോ ഒരാള്‍ പോലും കണിച്ചുകുളങ്ങരയിലെത്തുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്, സി പി എം, സി പി ഐ അടക്കം പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അവരുടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിന് മുമ്പ് വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തുക പതിവായിരുന്നു.
മന്ത്രിമാര്‍ ഒന്നടങ്കം വെള്ളാപ്പള്ളിയെ തലങ്ങും വിലങ്ങും സന്ദര്‍ശിക്കുന്നതും പതിവായിരുന്നു. കോണ്‍ഗ്രസിലെ വി എം സുധീരന്‍, കെ സി വേണുഗോപാല്‍ എം പി എന്നിവര്‍ മാത്രമായിരുന്നു ഇതിന്നപവാദം.സി പി എമ്മിലെ വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവരൊഴികെയുള്ളവരും പല കാര്യങ്ങള്‍ക്കായി വെള്ളാപ്പള്ളിയെ സന്ദര്‍ശിക്കുന്നവരായിരുന്നു.
എന്നാല്‍ മുന്‍തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും വര്‍ധിച്ചിട്ടുപോലും ഒരാള്‍ പോലും കണിച്ചുകുളങ്ങരയിലേക്ക് തിരിഞ്ഞുനോക്കാത്തത് വെള്ളാപ്പള്ളിക്ക് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ്.