വ്യാപം: വീണ്ടും ദുരൂഹ മരണം

Posted on: October 18, 2015 12:20 am | Last updated: October 18, 2015 at 12:20 am
SHARE

vyapamഭോപ്പാല്‍: വ്യാപം അഴിമതി കേസുമായി ബന്ധപ്പെട്ട് ഒരു ദുരൂഹ മരണം കൂടി. ഈ അഴിമതിയില്‍ ഉള്‍പ്പെട്ട രണ്ട് പ്രവേശന പരീക്ഷകളുടെ നിരീക്ഷകനായിരുന്ന ഉദ്യോഗസ്ഥന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ഐ എഫ് എസ് ഓഫീസറായി വിരമിച്ച വിജയ് ബഹദൂറിന്റെ മൃതദേഹമാണ് ഒഡീഷയിലെ ഝാര്‍സുഗുഡയില്‍ റെയില്‍വേ ട്രാക്കില്‍ കാണ്ടെത്തിയത്. പുരിയില്‍ നിന്ന് ഭോപ്പാലിലേക്ക് ജോധ്പൂര്‍ എക്‌സ്പ്രസില്‍ ഭാര്യ നിത സിംഗിനോടൊപ്പം യാത്ര തിരിച്ചതായിരുന്നു വിജയ് ബഹദൂര്‍. ഇദ്ദേഹത്തെ ട്രെയിനില്‍ നിന്ന് വീണുമരിച്ച നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നുവെന്ന് റെയില്‍വേ പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1978 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയില്‍ പങ്കെടുക്കാനാണ് അദ്ദേഹം കുടുംബസമേതം പുരിയിലെത്തിയത്. ഓടുന്ന ട്രെയിനില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് ബഹദൂര്‍ മരിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിലീപ് ബാഗ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കമ്പാര്‍ട്ട്‌മെന്റിലെ തുറന്നുകിടന്നിരുന്ന വാതില്‍ അടക്കാന്‍ പോയ ഭര്‍ത്താവ് പിന്നെ മടങ്ങി വന്നില്ല എന്നാണ് ബഹദൂറിന്റെ ഭാര്യ നിതാ സിംഗ് പറഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കുല്‍ദീപ് പട്ടേല്‍ പറഞ്ഞു.
മധ്യപ്രദേശ് പ്രൊഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (വ്യാപം) അഴിമതിയുമായി ബന്ധപ്പെട്ട് ഇതിനകം നാല്‍പ്പതിലധികം ദുരൂഹമരണങ്ങളാണ് സംഭവിച്ചത്. ഒരു അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇത്രയേറെ ദുരൂഹ മരണങ്ങള്‍ സംഭവിക്കുന്നത് രാജ്യത്ത് ഇത് ആദ്യമാണ്. ഈ കേസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അന്വേഷണം ഇക്കഴിഞ്ഞ ജൂലൈയിലാണ് സി ബി ഐക്ക് വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട് മരിച്ചവരെല്ലാം കുറ്റാരോപിതരോ സാക്ഷികളോ ആണ്.
രണ്ടായിരം കോടിയിലേറെ രൂപയുടെ അഴിമതിയാണ് വ്യാപം കേസില്‍ കണ്ടെത്തിയിട്ടുള്ളത്. രണ്ടായിരത്തോളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗവര്‍ണര്‍ രാംനരേഷ് യാദവിന്റെ ഓഫീസ് ഉള്‍പ്പെടെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here