Connect with us

Kerala

തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടി

Published

|

Last Updated

അഗളി: അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍ പോലീസ് സേനയിലെ തണ്ടര്‍ബോള്‍ട്ട് അംഗങ്ങളും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. രണ്ട് മവോയിസ്റ്റുകള്‍ക്ക് പരുക്കേറ്റു. അഗളി സി ഐ ദേവസ്യ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 11.30ന് അഗളിയിലെ കടുകുമണ്ണ ഊരില്‍ പട്രോളിംഗിനു പോയ ഏഴംഗ തണ്ടര്‍ബോള്‍ട്ട് സംഘവും അഞ്ച് പേരടങ്ങുന്ന മാവോയിസ്റ്റുകളും ഏറ്റുമുട്ടിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. പോലീസും മാവോയിസ്റ്റുകളും പരസ്പരം വെടിവെച്ചുവെന്നും രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റുവെന്ന് കരുതുന്നതായും പോലീസ് അറിയിച്ചു.
കര്‍ണാടകയില്‍ നിന്നുള്ള വിക്രം ഗൗഡ, ജയണ്ണ, സോമന്‍ എന്നിവരുടെ സംഘം അട്ടപ്പാടിയിലേക്ക് കടന്നതായി സൂചന ലഭിച്ചതനുസരിച്ചായിരുന്നു തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ കടുകുമണ്ണ വനമേഖലയില്‍ തിരച്ചില്‍ തുടങ്ങിയത്. പോലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഓടിമറഞ്ഞ മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചുപോയ ബാഗില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും വസ്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാവോയിസ്റ്റുകള്‍ വനമേഖലയില്‍ നിന്ന് രക്ഷപ്പെടുന്നത് ഒഴിവാക്കുന്നതിന് അഗളി, ഷോളയൂര്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ തിരച്ചിലിന് ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി എന്‍ വിജയകുമാര്‍ അറിയിച്ചു. തമിഴ്‌നാട് പോലീസുമായി സഹകരിച്ച് ഇന്നും തിരച്ചില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വനമേഖലയില്‍ തിരച്ചില്‍ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ സേനയെ ആവശ്യമെങ്കില്‍ നിയോഗിക്കുമെന്നും ഏറ്റുമുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥരില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ജില്ലാ കലക്ടര്‍ പി മരിക്കുട്ടിയും അറിയിച്ചു. മൊബൈല്‍ ഫോണിന് റേഞ്ച് ഇല്ലാത്തതിനാല്‍ സംഘത്തിലെ പോലീസുകാരെ ബന്ധപ്പെടാനാകുന്നില്ല. മലപ്പുറത്ത് നിന്ന് പ്രത്യേക സംഘവും പാലക്കാട് നിന്ന് ആന്റി നക്‌സല്‍ സ്‌ക്വാഡും അട്ടപ്പാടിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മാവോയിസ്റ്റുകള്‍ തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കോയമ്പത്തൂരില്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വെടിവെപ്പില്‍ പരുക്കേറ്റിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ ആശുപത്രിക്കള്‍ക്കും വിവരം കൈമാറിയിട്ടുണ്ട്.
കര്‍ണാടകക്കാരനായ വിക്രം ഗൗഡയാണ് പോലീസിനെതിരെയുള്ള ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് അനുമാനം. മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഷൈനയെയും അറസ്റ്റ് ചെയ്തതോടെ കേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ തളര്‍ന്നിട്ടില്ലെന്നു കാണിക്കാനാണ് ആക്രമണമെന്നാണ് പോലീസ് വിലയിരുത്തുന്നത്.

---- facebook comment plugin here -----

Latest