Connect with us

Gulf

ജര്‍മനിയില്‍ കാണാതായ സ്വദേശികളെ കണ്ടെത്തി

Published

|

Last Updated

അബുദാബി: ജര്‍മനിയിലെ നൂറംബര്‍ഗില്‍ കാണാതായ സ്വദേശികളെ കണ്ടെത്തി. ബുധനാഴ്ചയാണ് ബന്ധുക്കളായ 20ഉം ആറും വയസ്സുള്ള രണ്ടു പേരെ കാണാതായത്. തവൈരഷ് ഈസ അല്‍ ഖൈലി, അഹ്മദ് സുഹൈല്‍ അല്‍ ഖൈലി എന്നിവരെയാണ് നൂറംബര്‍ഗിലെ കാണാതാവുന്ന കുട്ടികളെ സംരക്ഷിക്കുന്ന ഷെല്‍ട്ടറില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ നാലിന് തിരിച്ചുകിട്ടിയത്. ഇവരെ ജര്‍മന്‍ അധികൃതര്‍ മ്യൂണിക്കിലുള്ള ബന്ധുക്കള്‍ക്ക് കൈമാറി. മ്യൂണിക്കില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് നൂറംബര്‍ഗ്.
ബുധനാഴ്ച മുതിര്‍ന്ന ബന്ധുക്കള്‍ക്കൊപ്പം മ്യൂണിക്കില്‍ ഷോപ്പിംഗിനിറങ്ങിയപ്പോഴാണ് ഇവരെ കാണാതായതെന്ന് ജര്‍മനിയിലെ യു എ ഇ സ്ഥാനപതി ജുമ മുബാറക് അല്‍ ജുനൈബി വ്യക്തമാക്കി.
കാണാതായവരില്‍ തുവൈരഷ് ഡൗണ്‍ സിന്‍ഡ്രോം രോഗിയായതിനാല്‍ താന്‍ എന്താണ് ചെയ്യുന്നതെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. അഹ്മദു(ആറ്)മൊത്ത് ഇവര്‍ മ്യൂണിക്കില്‍ നിന്ന് നൂറംബര്‍ഗിലേക്കുള്ള തീവണ്ടിയില്‍ കയറുകയായിരുന്നു. ഈ യാത്രയാണ് നൂറംബര്‍ഗിലെ കുട്ടികളുടെ ഷെല്‍ട്ടറില്‍ അവസാനിച്ചത്. ഇവരെ കാണാതായതായി വിവരം ലഭിച്ചയുടന്‍ ജര്‍മന്‍ അധികൃതരുമായി യു എ ഇ എംബസി ബന്ധപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ ഊര്‍ജിതമായ അന്വേഷണമാണ് കാണാതായവരെ കണ്ടെത്തുന്നതില്‍ അവസാനിച്ചത്.
മൂണിക് പോലീസിനൊപ്പം ഫെഡറല്‍ പോലീസും സഹകരിച്ചാണ് അന്വേഷണം നടത്തിയതും അതിവേഗം കാണാതായവരെ കണ്ടെത്തിയതും. കുട്ടികളുടെ ചിത്രങ്ങള്‍ ജര്‍മനിയിലെ പ്രമുഖ ടി വി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ എംബസി നടപടി സ്വീകരിച്ചതും കുട്ടികളെ കണ്ടെത്താനുള്ള ശ്രമം വേഗം വിജയം കാണാന്‍ ഇടയാക്കി.
പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്ന രക്ഷിതാക്കള്‍ കുട്ടികളെ ജാഗ്രതയോടെ ശ്രദ്ധിക്കണമെന്ന് അല്‍ ജുനൈബി അഭ്യര്‍ഥിച്ചു. സ്വദേശികളെ കണ്ടെത്താനുള്ളശ്രമം സഫലമാക്കാന്‍ തുവൈരിഷിന്റെ മൂത്ത സഹോദരന്‍ ദൗത്യസംഘത്തെ ഏറെ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.