പ്രമേഹം അന്ധതക്ക് ഇടയാക്കുമെന്ന് മുന്നറിയിപ്പ്‌

Posted on: October 17, 2015 3:08 pm | Last updated: October 17, 2015 at 3:08 pm
SHARE

3227059198ദുബൈ: പ്രമേഹത്തെ ഗൗരവത്തോടെ സമീപിച്ചില്ലെങ്കില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത അന്ധതയിലേക്ക് നയിച്ചേക്കുമെന്ന് മുന്നറിയിപ്പ്. യു എ ഇയില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിദഗ്ധര്‍ ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. രോഗം ബാധിക്കുന്നവര്‍ക്കിടയില്‍ ഡയബറ്റിക്, റെറ്റിനോപ്പതി രോഗം വര്‍ധിച്ചുവരുന്നുണ്ടെന്ന് മെഡിക്കല്‍ കെയര്‍ ഹോസ്പിറ്റലിന്റെ ഐ സെന്ററിലെ ഡോ. താരീഖ് യൂനുസ് വ്യക്തമാക്കി. കണ്ണിന്റെ കാഴ്ച എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതാണ് ഈ രോഗം. രക്തത്തില്‍ അമിതമായ അളവില്‍ പഞ്ചസാര ഉണ്ടാകുന്നതാണ് രോഗ കാരണം. ഇത് കണ്ണുകളിലെ രക്തക്കുഴലുകളില്‍ തടിപ്പിനിടയാക്കും. ഇതാണ് ഞരമ്പുകളുടെയും റെറ്റിനകളുടെയും നാശത്തിലേക്ക് എത്തിക്കുകയെന്നും ഡോ. താരീഖ് പറഞ്ഞു.
ഈ മാസം എട്ടിനായിരുന്നു ആഗോള പ്രമേഹ ദിനം. ഈ വര്‍ഷം പ്രമേഹം കണ്ണിനെ ബാധിക്കുന്നതിനെതിരായ ബോധവത്കരണമാണ് മുഖ്യമായും ലോകം മുഴുവന്‍ നടക്കുന്നത്. 2035 ആവുമ്പോഴേക്കും ജി സി സി രാജ്യങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ 80 ശതമാനത്തിന്റെ വര്‍ധനവ് സംഭവിക്കുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. തെറ്റായ ആഹാര രീതികളും വ്യായാമമില്ലാത്ത ജീവിത സാഹചര്യങ്ങളുമാണ് പ്രമേഹം വര്‍ധിക്കാന്‍ ഇടയാക്കുന്നത്. വരും കാലങ്ങളില്‍ പ്രമേഹം ഏറ്റവും മാരകമായ രീതിയില്‍ ബാധിക്കുന്ന മേഖലകളില്‍ മുഖ്യ സ്ഥാനം ജി സി സിക്കായിരിക്കുമെന്ന് ഇന്റര്‍നാഷനല്‍ ഡയബറ്റ്‌സ്് ഫൗണ്ടേഷന്‍(ഐ ഡി എഫ്) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ ഗള്‍ഫ് മേഖല ഉള്‍പെട്ട മിന(മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക) മേഖലയില്‍ കഴിയുന്നവരില്‍ 10 ല്‍ ഒരാള്‍ വീതം പ്രമേഹരോഗികളാണ്. ഇന്ന് 3.68 കോടി ആളുകളാണ് മേഖലയില്‍ ഈ മാരകരോഗത്തിന് ഇരകളായിരിക്കുന്നത്. 2035ല്‍ ഇത് 6.79 കോടിയായി ഉയര്‍ന്നേക്കും.
മിന മേഖലയിലെ 20 രാജ്യങ്ങളെയാണ് പ്രമേഹം സാരമായി ബാധിക്കുക. അതില്‍ ജി സി സി രാജ്യങ്ങളും ഉള്‍പെടും. ഈ മേഖലയിലെ പല രാജ്യങ്ങളിലും പ്രമേഹവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സഊദി അറേബ്യയിലാണ് ജി സി സി രാജ്യങ്ങളില്‍ പ്രമേഹം ഏറ്റവും മാരകമായി ബാധിച്ചിരിക്കുന്നത്. സൗഊദിയില്‍ ജീവിക്കുന്നവരില്‍ 24 ശതമാനവും ഈ രോഗത്തിന്റെ പിടിയിലാണ്. രണ്ടാം സ്ഥാനത്തുള്ള കുവൈത്തില്‍ 23.1 ശതമാനമാണ് പ്രമേഹ രോഗികള്‍. ബഹ്‌റൈന്‍ 21.9, ഖത്തര്‍ 19.8, യു എ ഇ 19 ശതമാനം എന്നിങ്ങനെയാണ് പ്രമേഹ രോഗികളുടെ രാജ്യം തിരിച്ചുള്ള കണക്ക്.
പ്രമേഹം രൂക്ഷമാവുന്ന കേസുകളിലാണ് കാല്‍ മുറിച്ചു കളയേണ്ടി വരുന്നത്. ഇതിനുള്ള ശസ്ത്രക്രിയയും അതീവ സങ്കീര്‍ണമാണ്. പ്രമേഹം പ്രധാനമായും കണ്ണുകള്‍, പാദം, വൃക്ക എന്നിവയെയാണ് ബാധിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ കണ്ണും വൃക്കയും പരിഗണിക്കപ്പെടുമ്പോള്‍ പാദങ്ങള്‍ പൂര്‍ണമായും അവഗണിക്കുന്നതാണ് കണ്ടുവരുന്നത്. കാലിന് പ്രമേഹവുമായി ബന്ധപ്പെട്ട് പഴുപ്പ് ഉള്‍പെടെയുള്ള പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ കാല്‍ മുറിച്ചു മാറ്റപ്പെടുമോയെന്ന ഭയത്താല്‍ ആശുപത്രിയില്‍ വരാന്‍ രോഗികള്‍ ഭയക്കുകയാണ്. ഇത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പ്രമേഹത്തെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കൂടുതല്‍ നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും ദുബൈയില്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്.
വേഗം കൂടിയ ജീവിത സാഹചര്യങ്ങളും കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റുകള്‍ ഉള്‍പെടയെുള്ള ആധുനിക ഇലട്രോണിക്‌സ് ഉപകരണങ്ങളുമെല്ലാം മനുഷ്യരെ കായികമായ വിനോദങ്ങളില്‍ നിന്നും അകറ്റുന്നതാണ് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്ന് നേരത്തെ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു.
പ്രമേഹരോഗികളില്‍ കാണുന്ന പാദത്തിലെ പുണ്ണിന് ഇടയാക്കുന്നതില്‍ പകുതിയും പഴുപ്പാണ്. ഇത്തരം കേസുകളില്‍ അഞ്ചില്‍ ഒന്നിന് കാല്‍ മുറിച്ചു മാറ്റുകയേ നിര്‍വാഹമുള്ളൂ. അല്ലാത്തപക്ഷം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പഴുപ്പ് പടര്‍ന്നേക്കും. ഇത്തരക്കാരില്‍ രോഗത്തിന്റെ സങ്കീര്‍ണത കണക്കിലെടുത്ത് കാല്‍ വിരലുകളോ, മുട്ടിന് താഴെയോ കാല്‍ മുറിച്ചു മാറ്റേണ്ടി വരും. ഇത്തരം രോഗാവസ്ഥ നേരത്തെ അറിയാന്‍ സംവിധാനങ്ങള്‍ ഉണ്ടെന്നും പ്രമേഹ രോഗികള്‍ കാല്‍ വിരലുകളില്‍ അസാധാരണമായ വേദനയോ, നിറ വ്യത്യാസമോ മറ്റോ സംഭവിക്കുന്ന പക്ഷം വിദഗ്ധ ചികിത്സക്ക് വിധേയമായാല്‍ രോഗം നേരത്തെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിച്ച് സുഖപ്പെടുത്താനും സാധിക്കുമെന്നും ഡോക്ടര്‍മാര്‍ ഓര്‍മിപ്പിച്ചു.