Connect with us

Kasargod

പെരിയയില്‍ സി പി എം-കോണ്‍. സംഘര്‍ഷം; മാതാവും മകനും ആശുപത്രിയില്‍

Published

|

Last Updated

കാഞ്ഞങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പെരിയയില്‍ സി പി എം-കോണ്‍ഗ്രസ് സംഘര്‍ഷം. ഇന്നലെ രാവിലെയാണ് പെരിയയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. അക്രമത്തില്‍ കോണ്‍ഗ്രസ് കുടുംബത്തിലെ മാതാവിനും മകനും പരിക്കേറ്റു. പെരിയ പെരിയോക്കിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറിയില്‍ ജീവനക്കാരനുമായ ടി. മണികണ്ഠന്‍(25), മാതാവ് ടി കാര്‍ത്യായനി (45) എന്നിവരെയാണ് അക്രമിച്ചത്. രാവിലെ 10 മണിക്ക് പെരിയ ടൗണില്‍ വെച്ചാണ് സംഭവം. ഇരുവരും പെരിയ ടൗണില്‍ സംസാരിച്ചുനില്‍ക്കെയാണ് മൂന്നംഗ സംഘം മര്‍ദിച്ചത്. സംഭവമറിഞ്ഞ് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതോടെ സി പി എം പ്രവര്‍ത്തകരും രംഗത്തുവന്നു. ഇരുവിഭാഗങ്ങളും ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതോടെ വിവരമറിഞ്ഞെത്തിയ ബേക്കല്‍ പോലീസാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പരുക്കറ്റ മണികണ്്ഠനും കാര്‍ത്ത്യായനിയും പെരിയ ഗവ. ആശുപത്രിയില്‍ ചികില്‍സയിലാണ്. സി പി എം-സി ഐ ടിയു പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ഇവര്‍ പറഞ്ഞു.
അക്രമത്തില്‍ പ്രതിഷേധിച്ച് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി. വിനോദ് കുമാര്‍ പള്ളയില്‍വീട്, സി ബാലകൃഷ്ണന്‍, എം കെ ബാബുരാജ്, സി രാജന്‍ പെരിയ, വി കണ്ണന്‍, പ്രമോദ് പെരിയ, ടി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest