കൊണ്ടോട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

Posted on: October 17, 2015 10:38 am | Last updated: October 17, 2015 at 10:38 am

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 2000 ഓളം പേരെ ഒഴിവാക്കിയെന്ന് കാണിച്ച് കോണ്‍ഗ്രസ്, സി പി എം പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ഉപരോധവും നടത്തി.
പ്രതിഷേധം പുറത്തേക്ക് കൂടി വ്യാപിച്ചതോടെ ദേശീയ പാതയും ഉപരോധത്തിലായി. ഇതേ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ലീഗും കോണ്‍ഗ്രസും തമ്മില്‍ തെറ്റിയതോടെയാണ് വോട്ടര്‍മാരെ തിരഞ്ഞു പിടിച്ച് നീക്കാനും കൂട്ടി ചേര്‍ക്കാനും ശ്രമം തുടങ്ങിയത്.
കോണ്‍ഗ്രസിന് കിട്ടേണ്ട രണ്ടായിരത്തിലധികം വോട്ടുകള്‍ മുസ് ലിം ലീഗും സെക്രട്ടറിയും ചേര്‍ന്ന് ഒഴിവാക്കിയെന്നാരോപിച്ചാണ് പഞ്ചായത്ത് ഓഫീസില്‍ വാക്കേറ്റവും സംഘര്‍ഷവും നടന്നത്. 500 ല്‍ അധികം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയെ ഉപരോധിക്കുകയും എന്നാല്‍ ഇതു ചോദ്യം ചെയ്ത് ലീഗ് പ്രവര്‍ത്തകരും എത്തിയതോടെ വാക്കേറ്റവും സംഘര്‍ഷവും തുടങ്ങി. സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസും ഏറെ പാടുപെട്ടു. പഞ്ചായത്തിലെ താത് കാലിക ജീവനക്കാരനും സെക്രട്ടറിയും ചേര്‍ന്നാണ് കമ്പ്യൂട്ടറില്‍ കൃത്രിമം നടത്തിയതെന്ന് കോണ്‍ഗ്രസ്, സി പി എം പ്രവര്‍ത്തകര്‍ പറഞ്ഞു. പത്താം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫര്‍ഹാനാ ബീഗത്തിന്റെ പേരു പോലും വോട്ടര്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിന് തീരുമാനമാകാതെ സെക്രട്ടറിയെ പുറത്തു വിടാന്‍ അനുവദിക്കില്ലെന്ന് സമരക്കാര്‍ പറഞ്ഞു.
ഇതിനിടെ ദേശിയ പാത ഉപരോധവുമായതോടെ സംഘര്‍ഷത്തിന് ഗൗരവമേറി. വിവരം ലഭിച്ചതും ഡി വൈ എസ് പി സ്ഥലത്തെത്തി. ഇതിനിടെ ഇവിടേക്ക് വന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ വാഹനം റോഡ് ഉപരോധം കാരണം ഏറെ നേരം റോഡില്‍ കുടുങ്ങി. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കലക്ടറും സ്ഥലത്തെത്തി.
അതെ സമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മുനിസിപ്പല്‍ പരിധിയില്‍ നീന്ന് മാറി താമസിച്ചവരേയും വിവാഹം കഴിഞ്ഞ് പോയവരെയുമാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഓഴിവാക്കിയതെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാതിരിക്കുന്നതിന് കാരണം കാണിക്കാന്‍ കഴിഞ്ഞ 12ന് ഹിയറിംഗ് നടന്നിട്ടും ആരും എത്തിയില്ലെന്ന് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു. അതെസമയം കോണ്‍ഗ്രസ്, സി പി എം പ്രവര്‍ത്തകരുടെ ആരോപണത്തില്‍ പ്രഥമ ദൃഷ് ട്യാ സത്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ കലക്ടര്‍ സസ് പെന്റ് ചെയ്തു. താത്കാലിക ജീവനക്കാരനും വിശദീകരണം നല്‍കേണ്ടതുണ്ട്..