നിലമ്പൂര്‍ സി പി എമ്മില്‍ അച്ചടക്ക നടപടി തുടരുന്നു; മൂന്ന് പേരെ കൂടി പുറത്താക്കി

Posted on: October 17, 2015 10:16 am | Last updated: October 17, 2015 at 10:16 am

നിലമ്പൂര്‍: നിലമ്പൂരില്‍ സി പി എമ്മില്‍ വീണ്ടും അച്ചടക്ക നടപടി. നഗരസഭയിലേക്ക് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്ന മൂന്ന് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന ഏഴ് പേരോട് വിശദീകരണം തേടിയിട്ടുണ്ട്. താമരക്കുളം ഡിവിഷനില്‍ ജനകീയ കൂട്ടായ്മയുടെ ലേബലില്‍ മത്സരിക്കുന്ന കൗണ്‍സിലര്‍ കൂടിയായ ഉമ്മഴി വേണു, ചക്കാലക്കുത്ത് ഡിവിഷനില്‍ മത്സരിക്കുന്ന ഇ കെ ഷാനവാസ്, മണലോടി ഡിവിഷനില്‍ മത്സരിക്കുന്ന കെ ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇവരോടൊപ്പം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഏഴ് പേര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിമത പ്രവര്‍ത്തനത്തെ തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റിയംഗവും നഗരസഭ കൗണ്‍സിലറുമായ പി എം ബശീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്ന് സി പി എം നേതാക്കള്‍ പറഞ്ഞു. പുറത്താക്കല്‍ നടപടിയെ കുറിച്ച് വിശദീകരിക്കാന്‍ തിങ്കളാഴ്ച നിലമ്പൂരില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. എ വിജയരാഘവന്‍, പാലൊളി മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും