കോണ്‍ഗ്രസിനെ കാലുവാരാന്‍ ലീഗ് സ്വതന്ത്രര്‍

Posted on: October 17, 2015 10:15 am | Last updated: October 17, 2015 at 10:15 am
SHARE

ചങ്ങരംകുളം: നന്നംമുക്കിലെ യു ഡി എഫ് സഖ്യത്തിന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥികള്‍ ഭീഷണി ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ രംഗത്ത്.
യു ഡി എഫിന് മുന്‍തൂക്കമുള്ള വാര്‍ഡുകളിലാണ് കോണ്‍ഗ്രസിന്റെ വിമത വിഭാഗമായ വികസനമുന്നണി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റിന്റെയും മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിലുള്ള വിമത വിഭാഗം പ്രവര്‍ത്തകരാണ് കോണ്‍ഗ്രസിനും ലീഗിനും ഒരുപോലെ തലവേദനയാകുന്നത്. വിമതരുടെ വിഷയത്തില്‍ കോണ്‍ഗ്രസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാരോപിച്ചാണ് ലീഗ് നേതൃത്വത്തിന്റെ അറിവോടെ കോണ്‍ഗ്രസ് മത്സരിക്കുന്ന വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്.
വിമത കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്കാണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഇതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് നേരെ തിരിയാന്‍ ലീഗിനെ പ്രേരിപ്പിച്ചത്. പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം ഇന്ന് അവസാനിക്കാനിരിക്കെ യു ഡി എഫിലെ പ്രതിസന്ധി ഇനിയും അവസാനിച്ചിട്ടില്ല. ഡി സി സി നേതൃത്വത്തിന്റെയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് വിമതരെ അനുനയിപ്പിക്കാനായി ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും തീരുമാനമായിട്ടില്ല.
നേരത്തെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്ന വിമത വിഭാഗത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുമ്പോള്‍ നല്‍കാമെന്ന് പറഞ്ഞിരുന്ന സ്ഥാനങ്ങള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. രണ്ടുവര്‍ഷം മുന്‍പാണ് കോണ്‍ഗ്രസിലും മുന്നണിയിലും പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. എ ഗ്രൂപ്പ് അംഗമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ചന്ദ്രനെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ലീഗ് പിന്തുണച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്തായിരുന്നു. ലീഗിന്റെ ഈ നിലപാടിന് ഐ വിഭാഗത്തിന്റെ രഹസ്യ പിന്തുണ ലഭിച്ചതോടെ കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഉണ്ടാകുകയും മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള എ ഗ്രൂപ്പ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. യുഡിഎഫിന് മുന്‍തൂക്കമുള്ള എട്ടുവാര്‍ഡുകളിലും ഒരു ബ്ലോക്ക് ഡിവിഷനിലുമാണ് വിമത കോണ്‍ഗ്രസ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. 6, 7, 8, 10, 11, 13, 14, 15 വാര്‍ഡുകളിലും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കര ഡിവിഷനിലുമാണ് വികസന മുന്നണി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്. വികസനമുന്നണിയുടെ സാന്നിധ്യം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ദോഷംചെയ്യുമെന്ന് മനസിലാക്കിയാണ് ലീഗ് സ്വതന്ത്ര സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിട്ടുള്ളത്. ഇത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ശക്തമായി മത്സരം കാഴ്ചവെക്കുന്ന 5,13,17, വാര്‍ഡുകളിലാണ് ലീഗ് പ്രവര്‍ത്തകര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് വിമതരും ലീഗ് സ്വതന്ത്രരും മത്സര രംഗത്ത് ഉറച്ചുനിന്നാല്‍ വരുംദിവസങ്ങളില്‍ മുന്നണിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.