ചിത്രം തെളിഞ്ഞു; ഇരുമുന്നണികളിലും വിമതശല്യം

Posted on: October 17, 2015 6:00 pm | Last updated: October 18, 2015 at 11:24 am

local body election

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. തിരഞ്ഞെടുപ്പിന്റെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളത്തിലുള്ളത് എഴുപതിനായിരത്തോളം പേര്‍. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കേണ്ട സമയവും അവസാനിച്ചപ്പോള്‍ ഏഴ് ജില്ലകളില്‍ അങ്കത്തട്ടില്‍ അവശേഷിക്കുന്നത് 31,329 പേരാണ്. മറ്റ് ജില്ലകളിലെ കണക്കുകള്‍ കൂടി ചേരുമ്പോള്‍ ഇത് ഏഴുപതിനായിരത്തോളമാകും. 21,871 വാര്‍ഡുകളിലായാണ് ഇത്രയും പേര്‍ ജനവിധി തേടുന്നത്.
ആകെ 1,30,597 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇതില്‍ മൂവായിരത്തോളം പത്രികകള്‍ സൂക്ഷമ പരിശോധനയില്‍ തള്ളിപ്പോയിരുന്നു. ഡമ്മികളും വിമതരും പിന്‍വലിഞ്ഞതോടെ നേരിട്ടുള്ള പോരാട്ടമാണ് ഇനി. കൊല്ലത്ത് 5,701 പേരും പത്തനംതിട്ടയില്‍ 3,814 പേരും ആലപ്പുഴയില്‍ 5,513 പേരുമാണ് മത്സര രംഗത്തുള്ളത്.
ഇടുക്കിയില്‍ 3,339, കോഴിക്കോട് 5,971, വയനാട് 1,882 പേരുമാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്. കണ്ണൂരില്‍ 5,109 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
മുന്നണി വ്യത്യാസമില്ലാതെ വിമതര്‍ സജീവമായി മത്സരരംഗത്തുണ്ട്. യു ഡി എഫിനാണ് വിമതശല്യം കൂടുതല്‍. കെ പി സി സി പ്രസിഡന്റും ആഭ്യന്തരമന്ത്രിയുമെല്ലാം പലകുറി താക്കീത് നല്‍കിയെങ്കിലും ഒട്ടുമിക്ക ജില്ലകളിലും യു ഡി എഫിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് വിമതശല്യമുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിലെ പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ഥിക്കെതിരെ പോലും വിമതന്‍ മത്സര രംഗത്തുണ്ട്. തിരുവനന്തപുരത്തു തന്നെ ഡി സി സി അധ്യക്ഷന്റെ ലെറ്റര്‍പാഡ് തട്ടിയെടുത്ത് വിമതന്‍ പാര്‍ട്ടി ചിഹ്നം തട്ടിയെടുത്ത സംഭവവുമുണ്ടായി. തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും വയനാട്ടിലുമെല്ലാം യു ഡി എഫിലെ കക്ഷികള്‍ തമ്മില്‍ സൗഹൃദമത്സരം നടക്കുന്ന സാഹചര്യവുമുണ്ട്. അവസാന നിമിഷംവരെയും ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണി ഉയര്‍ത്തി പലയിടത്തും മത്സര രംഗത്തുണ്ടായിരുന്നെങ്കിലും പലയിടത്തും പാര്‍ട്ടി നേതൃത്വം കാര്‍ക്കശ്യ നിലപാട് സ്വീകരിച്ചതോടെയാണ് വിമതര്‍ പിന്‍വാങ്ങിയത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ സ്ഥാനാര്‍ഥി മഹേശ്വരന്‍ നായര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുടവന്‍മുഗള്‍ സതീശ് മത്സര രംഗത്തുണ്ട്. വിഴിഞ്ഞത്ത് സിറ്റിംഗ് കൗണ്‍സിലര്‍ വിമതനായി മത്സരരംഗത്തുണ്ട്. കേരള കോണ്‍ഗ്രസിന് നല്‍കിയ പട്ടം സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ട്. കഴക്കൂട്ടത്ത് ജെ ഡി യുവിനെതിരെ കോണ്‍ഗ്രസ് നിര്‍ത്തിയ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു. മറ്റു ചില വാര്‍ഡുകളില്‍ സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ പത്രിക നല്‍കിയിരുന്നെങ്കിലും അത് പിന്‍വലിച്ചു. സി പി എമ്മില്‍ പൗഡികോണത്തും കിണവൂരിലും വിമതര്‍ മത്സരിക്കുന്നു. കൊല്ലത്ത് ലീഗ് മത്സരിക്കുന്ന രണ്ട് കോര്‍പറേഷന്‍ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്.
മധ്യ കേരളത്തിലാണ് വിമതശല്യം കോണ്‍ഗ്രസിനു വലിയ തലവേദനയായി തുടരുന്നത്. ആലപ്പുഴയിലെ പലയിടത്തും സി പി എം- സി പി ഐ മത്സരവും ഉറപ്പായിട്ടുണ്ട്. കൊച്ചിയില്‍ 22 ഡിവിഷനുകളില്‍ കോണ്‍ഗ്രസിനു റിബല്‍ സ്ഥാനാര്‍ഥികളുണ്ടായിരുന്നു. ഇതില്‍ രണ്ട് പേര്‍ മാത്രമാണ് പത്രിക പിന്‍വലിച്ചിട്ടുള്ളത്. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചാണ് മിക്ക വിമതരും മത്സരിക്കുന്നത്. മലപ്പുറത്ത് തുറന്ന പോരിലേക്കാണ് കാര്യങ്ങള്‍. 23 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമാണ് പ്രശ്‌നങ്ങള്‍. കൊണ്ടോട്ടി മുനിസിപ്പാലിറ്റിയില്‍ ലീഗും കോണ്‍ഗ്രസും നേരിട്ടു മത്സരിക്കുകയാണ്. ഇടുക്കിയില്‍ ജില്ലാ പഞ്ചായത്തിലേക്ക് പത്രിക നല്‍കിയ കോണ്‍ഗ്രസ് വിമതര്‍ പത്രിക പിന്‍വലിച്ചു.