Connect with us

Kozhikode

കൊടുവള്ളിയില്‍ ആരോപണ വിധേയര്‍ക്കും മത്സരിക്കാം: എല്ലാ ലീഗ് സ്ഥാനാര്‍ഥികള്‍ക്കും കോണി ചിഹ്നം

Published

|

Last Updated

കൊടുവള്ളി: കൊടുവള്ളിയില്‍ ലീഗിലെ അവാന്തര വഴക്കിന് സംസ്ഥാന നേതൃത്വം താത്കാലിക വിരാമമിട്ടു. കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ ആരോപണ വിധേയരായ മൂന്നു പേരുള്‍പ്പെടെ എല്ലാ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കും കോണി ചിഹ്നം അനുവദിച്ച് കത്തു നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.
ഇന്നലെ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളെയും നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളെയും പാണക്കാട് വിളിച്ചുവരുത്തി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സംസ്ഥാന കമ്മിറ്റി സര്‍ക്കുലര്‍ പ്രകാരമാണ് അഴിമതിയാരോപണ വിധേയര്‍ക്ക് സീറ്റ് നല്‍കരുതെന്ന് കത്ത് നല്‍കിയതെന്ന് മണ്ഡലം ജനറല്‍ സെക്രട്ടറി വിശദീകരിച്ചു.എന്നാല്‍ നോമിനേഷന്‍ സമര്‍പ്പണ സമയമവസാനിക്കുന്ന ദിവസമാണ് കത്ത് ലഭിച്ചതെന്നും അപ്പോഴേക്കും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു കഴിഞ്ഞതായും മുനിസിപ്പല്‍ കമ്മിറ്റിയും നേതൃത്വത്തെ അറിയിച്ചു.
പാര്‍ട്ടിയുടെയും യു ഡി എഫിന്റെയും ജയ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുമെന്നതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നതെന്ന് നേതൃത്വം ഇരു പക്ഷത്തെയും അറിയിച്ചു. ഇതിനാല്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും കോണി ചിഹ്നം അനുവദിച്ച് നല്‍കാന്‍ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ക്ക് കത്ത് നല്‍കുയായിരുന്നു.
അഴിമതിയാരോപണ വിധേയരായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും രണ്ട ്‌മെമ്പര്‍മാര്‍ക്കും സീറ്റ് നല്‍കരുതെന്ന മണ്ഡലം കമ്മിറ്റിയുടെ കത്താണ് പ്രശ്‌നം സൃഷ്ടിച്ചത്.
നിയോജക മണ്ഡലം കമ്മിറ്റിയും മുനിസിപ്പാലിറ്റി കമ്മിറ്റിയും തമ്മിലുള്ള ശേഷിക്കുന്ന പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്തു.നടപടി സ്വീകരിക്കാമെന്നാണ് നേതൃത്വം തീരുമാനിച്ചതെന്നറിയുന്നു.

Latest