ചീയമ്പം എഴുപത്തിമൂന്ന് കോളനിയില്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു

Posted on: October 17, 2015 9:41 am | Last updated: October 17, 2015 at 9:41 am
SHARE

പുല്‍പ്പള്ളി: ചീയമ്പം 73 കോളനിയിലെ 82 വീടുകളിലെ വൈദ്യുതിബന്ധം വിഛേദിച്ചത് പുന:സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. കോളനിയിലെ വന്യമൃഗശല്യം പരിഗണിച്ച് അടിയന്തിരമായി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും വൈദ്യൂതി കുടിശിക സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കാനുമാണ് നിര്‍ദേശം. വൈദ്യുതി വിചേ്ഛിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച വൈകീട്ട് കോളനി നിവാസികള്‍ പുല്‍പ്പള്ളി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിനു മുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. സംഭവം വിവാദമായതോടെ നിജസ്ഥിതി അറിയാതെയാണ് കോളനിക്കാര്‍ സമരത്തിനെത്തിയതെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ പറയുന്നു. വീഴ്ചയുണ്ടായത് ട്രൈബല്‍ വകുപ്പിനാണെന്നാണ് ഇവരുടെ കുറ്റപ്പെടുത്തല്‍. കോളനിക്കാര്‍ വൈദ്യുതി ഉപയോഗിച്ച വകയില്‍ 11.50 ലക്ഷം രൂപ കെ.എസ്.ഇ.ബിയിലേക്ക് അടക്കാന്‍ കുടിശികയായിട്ടുണ്ടെന്നും ഈ തുക നല്‍കുന്നതില്‍ ട്രൈബല്‍ വകുപ്പ് വീഴ്ച വരുത്തിയതാണ് പ്രശ്‌നത്തിന് കാരണമെന്നുമാണ് കെ.എസ്.ഇ.ബിയുടെ വാദം.
കുിടശിക ഒരു മാസത്തിനുള്ളില്‍ അടയ്ക്കാമെന്ന ധാരണയിലാണ് ഇരുവകുപ്പുകളും എത്തിയിട്ടുള്ളത്. സാധാരണ 40 യൂണിറ്റു വരെ വൈദ്യുതി ഉപയോഗത്തിന് ആദിവാസികള്‍ക്ക് സൗജന്യം നല്‍കിയിട്ടുണ്ട്. അതിനു മുകളിലുള്ള ഉപയോഗത്തിന്റെ തുക ഉപഭോക്താക്കളാണ് അടക്കേണ്ടത്. എന്നാല്‍ ജില്ലയിലെ കോളനികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, മുന്‍ സൗത്ത് വയനാട് ഡി.എഫ്.ഒ. ധനേഷ്‌കുമാര്‍ ട്രൈബല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഈ കോളനിക്കു പ്രത്യേക പരിഗണന നല്‍കി അധികമാകുന്ന ബില്‍തുക ട്രൈബല്‍ വകുപ്പ് അടയ്ക്കാന്‍ ധാരണയായിരുന്നതായി പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് രേഖാമൂലമുള്ള ഉത്തരവുകള്‍ കെ.എസ്ഇ.ബിക്കു ലഭിച്ചിരുന്നില്ല. വന്‍തുക കുടിശ്ശിക വന്നതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബി ഈ വിവരം ട്രൈബല്‍ ഉദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വൈദ്യുതി ബന്ധം വിഛേദിച്ചതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നു.