മാംസം പരസ്യമായി പ്രദര്‍ശിപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ്‌

Posted on: October 17, 2015 9:40 am | Last updated: October 17, 2015 at 9:40 am
SHARE

മാനന്തവാടി: ടൗണിലെ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ മാംസവും ഉത്പ്പന്നങ്ങളും പരസ്യമായി പ്രദര്‍ശിപ്പിക്കരുതെന്നും ബദല്‍ സംവിധാനം ഒരുക്കണമെന്നും കാണിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദേശം. പരസ്യമായി മാംസവും ഉത്പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കരുതെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നുയ സേഫ് കേരളയുടെ ഭാഗമായി ബസ് സ്റ്റാന്‍ഡ്, കെ എസ് ആര്‍ ടി സി കാന്റീന്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ പരിശോധന നടത്തി. ബസ് സ്റ്റാന്‍ഡിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യാനും ബസ്സുകളുടെ പാര്‍ക്കിംഗിന് ഉചിതമായ സ്ഥലം കണ്ടെത്തുന്നതിനും എരുമത്തെരുവിലെ മത്സ്യ മാര്‍ക്കറ്റിലെ ബയോ ഗ്യാസ് പ്ലാന്റ് പ്രവര്‍ത്തന ക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിന് നോട്ടീസ് നല്‍കി. ലൈസന്‍സില്ലാത്ത കടയുള്‍പ്പെടെ നാല് കടകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പുകയില നിരോധിത നിയമ പ്രകാരം ആറ് കടയുടമകളില്‍ നിന്നായി 1200 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു. അര്‍ബന്‍ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ അജയന്‍, ടെക്‌നിക്കല്‍ അസി. യു കെ കൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുല്‍ ഗഫൂര്‍, സി ജി ഷിബു, എം രാജീവന്‍, ഷിഫാനത്ത്, മഞ്ജുനാഥ്, അഗസ്റ്റിന്‍, ഷീജ കാതറിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.