പോലീസിന്റെ വിവേചനം അവസാനിപ്പിക്കാന്‍

Posted on: October 17, 2015 4:59 am | Last updated: October 16, 2015 at 10:00 pm
SHARE

കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവേചനം അരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍. കുറ്റകൃത്യം നടന്നുവെന്ന് വ്യക്തമാകുന്ന ഏത് പരാതിയിലും ചുമതലയിലുള്ള പോലീസ് ഓഫീസര്‍ ഉടനെ തന്നെ കേസെടുക്കണമെന്നും ഇക്കാര്യത്തില്‍ സാമുദായികമായ പരിഗണനകളോ വിവേചനമോ കാണിക്കരുതെന്നും നിര്‍ദേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പശു മാംസം ഭക്ഷിച്ചെന്ന് വ്യാജപ്രചാരണം നടത്തി ദാദ്രിയില്‍ സംഘ്പരിവാര്‍ ഒരു മുസ്‌ലിം സഹോദരനെ നിഷ്ഠൂരമായി തല്ലിക്കൊന്ന സംഭവം സര്‍ക്കാറിന്റെ പ്രതിഛായക്ക് ആഴത്തില്‍ ക്ഷതമേല്‍പ്പിക്കുകയും ദാദ്രി സംഭവത്തിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലുണ്ടായ ഈ ഉത്തരവ് മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ പോലീസും അന്വേഷണ ഏജന്‍സികളും വിവേചനം കാണിക്കുന്നുവെന്ന സര്‍ക്കറിന്റെ സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ്. സംഭവം ആഗോള തലത്തില്‍ തന്നെ പ്രതിഷേധത്തിനിടയാക്കിയതായി കഴിഞ്ഞ ദിവസത്തെ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കുന്നുണ്ട്. യു എസിന്റെ മത കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധി ഡേവിഡ് സാപര്‍സ്റ്റി നടത്തിയ പ്രസ്താവനയില്‍, മതസഹിഷ്ണുതയും പൗരസ്വാതന്ത്രവും ഉറപ്പ് വരുത്തണമെന്ന് മോദി ഭരണകൂടത്തെ ഓര്‍മപ്പെടുത്തുകയുണ്ടായി.
ന്യൂനപക്ഷ സമുദായങ്ങള്‍ ഔദ്യോഗിക മേഖലകളിലെല്ലാം കടുത്ത വിവേചനത്തിനിരയാകുന്ന കാര്യം പലപ്പോഴായി ന്യൂനപക്ഷ നേതൃത്വങ്ങളും ന്യൂനപക്ഷ കമ്മീഷനും ഉപരാഷ്ട്രപതി തന്നെയും ചൂണ്ടിക്കാട്ടിയതാണ്. ഭൂരിപക്ഷ സമൂദായത്തോടും ന്യൂനപക്ഷ സമുദായങ്ങളോടും രണ്ട് തരം സമീപനമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് പൊതുവെ. ഭൂരിപക്ഷ വിഭാഗമോ, അവരുടെ ആരാധനായലങ്ങളോ അക്രമിക്കപ്പെടുമ്പോള്‍ ജാഗ്രത്തായ നടപടികള്‍ സ്വീകരിക്കുന്ന പോലീസ് മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയുന്നതില്‍ പൊതുവെ ഉദാസീനതയാണ് കാണിക്കാറ്. കഴിഞ്ഞ വര്‍ഷം ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ക്രിസ്തീയ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍, സംഘ്പരിവാറിന്റെ ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണതെന്ന് വ്യക്തമായിട്ടും വളരെ തണുത്ത സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കടുത്ത വിമുഖത. അതേസമയം സംഭവത്തില്‍ പോലീസില്‍ നിന്ന് നീതി ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ച് നടത്തിയവരെ ഡല്‍ഹി പോലീസ് തല്ലിച്ചതക്കുകയും ചെയ്തു.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംഘ്പരിവാര്‍ നേതാക്കളുടെ വര്‍ഗീയ വിഷം ചുരത്തുന്ന പ്രസ്താവനകളും മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പൂര്‍വോപരി വര്‍ധിച്ചിട്ടുണ്ട്. വര്‍ഗീതയെ ചെറുക്കാന്‍ ബാധ്യതപ്പെട്ട ഉത്തരവാദപ്പെട്ട നേതാക്കള്‍ തന്നെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. ബീഫ് ഉപേക്ഷിക്കാത്ത മുസ്‌ലിംകള്‍ ഇന്ത്യ വിടണമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഉദാഹരണം. ദാദ്രിയിലെ പൈശാചികതയെ പരോക്ഷമായി ന്യായീകരിക്കുകയും, ഹൈന്ദവ സഹോദരന്മാര്‍ക്കിടയില്‍ മുസ്‌ലിം വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന ഇത്തരം അപകടകരമായ പ്രസ്താവനകള്‍ക്കെതിരെ നിയമവും നീതിപീഠങ്ങളും കണ്ണടക്കുകയാണ്. എന്നാല്‍ ഇത്ര പ്രകോപനപരമല്ലാത്ത പ്രസ്താവനകളുടെ പേരില്‍ പോലും മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്യുന്നു. അജ്മീര്‍, മാലേഗാവ്, സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസുകളുടെ ഉത്തരവാദിത്തം തുടക്കത്തില്‍ മുസ്‌ലിംകളുടെ പേരില്‍ ആരോപിക്കപ്പെട്ടപ്പോള്‍ അന്വേഷണം റോക്കറ്റിന്റെ വേഗത്തില്‍ പുരോഗമിച്ചതും പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്ന് വ്യക്തമായതോടെ അന്വേഷണ നടപടികള്‍ ഒച്ചിന്റെ വേഗത്തിലായതും നാം കണ്ടതാണ്. 2014ന് ശേഷം നടന്ന വധശിക്ഷകളെ വിലയിരുത്തി, കോടതികളില്‍ നിന്നു പോലും ഇത്തരം വിവചനം ഉണ്ടാകുന്നതായി സി പി എം നേതാവ് പ്രകാശ് കാരാട്ട് സന്ദേഹം പ്രകടിപ്പിച്ചതും പ്രസ്താവ്യമാണ്. അജ്മല്‍ കസബ്, അഫ്‌സല്‍ ഗുരു, യാക്കൂബ് മേമന്‍ എന്നിവരുടെ ദയാഹരജി തള്ളി കോടതികള്‍ വധശിക്ഷ നടപ്പാക്കിയപ്പോള്‍, രാജീവ് ഗാന്ധി വധക്കേസിലെ മുന്ന് പ്രതികളുടെയും സ്‌ഫോടന കേസിലെ പ്രതി ദേവീന്ദര്‍പാല്‍ സിംഗ് ഭുള്ളറുടെയും വധശിക്ഷ ജീവപര്യന്തമാക്കിക്കൊടുത്ത സംഭവങ്ങളെ തുലനം ചെയ്തായിരുന്നു കാരാട്ടിന്റെ പ്രസ്താവന.
ഈ സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കരുതെന്ന കേന്ദ്രത്തിന്റെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ദാദ്രി സംഭവത്തിനെതിരെ സാഹിത്യ ലോകത്ത് നിന്നുള്‍പ്പെടെ ആളിപ്പടരുന്ന പ്രതിഷേധം തണുപ്പിക്കാനുള്ള ഒരടവാകരുത് ഈ നടപടി. കര്‍ശനായി അത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താനും ഉത്തരവ് ലംഘിക്കുന്ന സംസ്ഥാനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here