ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ മുന്നില്‍ ഇന്ത്യന്‍ സംഘടനാ പ്രതിനിധികളുടെ പരാതി പ്രളയം

Posted on: October 16, 2015 7:23 pm | Last updated: October 16, 2015 at 11:29 pm
20151015_191848
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി എ കെ അഗര്‍വാള്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ പ്രസംഗിക്കുന്നു

അബുദാബി: യു എ ഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ മുന്നില്‍ ഇന്ത്യന്‍ സംഘടനാ പ്രതിനിധികളുടെ പരാതി പ്രളയം. യു എ ഇയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി എ കെ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം യു എ ഇയിലെത്തിയത്.
അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച യു എ ഇ യിലെ സംഘടനാ പ്രധിനിധികളുടെ യോഗത്തിലാണ് പരാതികളുടെ കെട്ടഴിച്ചത്. ഇന്ത്യക്കാരുടെ തൊഴില്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും പരാതികളുമാണ് യോഗത്തില്‍ മുഖ്യമായും ചര്‍ച്ച ചെയ്തത്. പ്രവാസികളുടെ സ്വത്ത് തട്ടിയെടുക്കുന്ന വിഷയം മുതല്‍ വിമാനയാത്രാ നിരക്ക് വര്‍ധനവ് വരെ സംഘടനാ പ്രധിനിധികള്‍ പരാതിയായി ഉന്നയിച്ചു.
പ്രവാസികളുടെ സ്വത്ത് സംരക്ഷിക്കുവാന്‍ ആവശ്യമായ നടപടി സീകരിക്കണമെന്ന് ഐ സി എഫ് ദേശീയ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ പ്രവാസികളുടെ മക്കള്‍ക്ക് സംവരണം ഏര്‍പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ മുന്നില്‍ അവതരിപ്പിക്കുമെന്ന് സെക്രട്ടറി വ്യക്തമാക്കി. പരിപാടിയില്‍ എം എ യൂസുഫലി, ഡോ. ബി ആര്‍ ഷെട്ടി, അസി. സെക്രട്ടറി വാണി റാവു, എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ്‌കുമാര്‍, സുധീര്‍കുമാര്‍ ഷെട്ടി സംബന്ധിച്ചു. കഴിഞ്ഞ ദിവസം യു എ ഇയിലെത്തിയ എ കെ അഗര്‍വാള്‍ യു എ ഇ തൊഴില്‍ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുമായും യു എ ഇ സാംസ്‌കാരിക-യുവജന ക്ഷേമ-സാമൂഹിക വികസന കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനുമായും കൂടിക്കാഴ്ച നടത്തി. പ്രതിനിധി സംഘത്തില്‍ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാമും വ്യവസായ പ്രമുഖന്‍ എം എ യൂസുഫലിയും പങ്കെടുത്തു. വിവിധ തൊഴില്‍ ദാദാക്കളുമായും സംഘം ചര്‍ച്ച നടത്തി.
ഇ-മൈഗ്രേറ്റ് സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള പ്രതികരണം എംബസിയുമായി പങ്കുവെച്ചു. ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘം ദുബൈ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്ററിലും അബുദാബി ഐക്കാടും ഷാര്‍ജയിലുമുള്ള തൊഴിലാളി ക്യാമ്പുകളിലും സന്ദര്‍ശനം നടത്തും. അടുത്ത ദിവസം ഷാര്‍ജയില്‍ നടക്കുന്ന യോഗത്തില്‍ ഔദ്യോഗിക സംഘടനകളുടെ പ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച്ച നടത്തും.
വിദേശ തൊഴില്‍ ദാദാക്കള്‍ക്ക് റിക്രൂട്‌മെന്റ് കൂടുതല്‍ സുതാര്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഇ-മൈഗ്രേറ്റ് സംവിധാനത്തിനെതിരെ വ്യാപകമായി പരാതിയുയര്‍ന്നിരുന്നു.
ഇ-മൈഗ്രേറ്റ് സംവിധാനത്തിനെതിരെ വ്യാപകമായി ഉയര്‍ന്ന പരാതികള്‍ പരിഹരിക്കുന്നതിന് വ്യവസായികളുമായും തൊഴിലാളികളുമായും ചര്‍ച്ച ചെയ്യുന്നതിനാണ് സെക്രട്ടറിയും സംഘവുമെത്തിയത്.
യു എ ഇയിലുള്ള കമ്പനി പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുന്ന സംഘം പരാതികള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി അഫയേഴ്‌സ് ഫസ്റ്റ് സെക്രട്ടറി ദിനേഷ് കുമാര്‍ വ്യക്തമാക്കി. യു എ ഇയിലെ പ്രദേശിക നിയമ സംവിധാനത്തിനുള്ളില്‍ നിന്ന് ഇ-മൈഗ്രേറ്റ് സംവിധാനത്തില്‍ ആവശ്യമായ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പ്രതിനിധി സംഘത്തിനുമുന്നില്‍ പരാതി പ്രളയം