Connect with us

Gulf

ട്രേഡ് സെന്റര്‍ നിര്‍മാണത്തിന് സാക്ഷിയായ ശംസുദ്ദീന്‍ ഹാജി നാട്ടിലേക്ക്

Published

|

Last Updated

ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ നിര്‍മാണത്തിന് സാക്ഷിയായ തിരുവന്തപുരം സ്വദേശി ശംസുദ്ദീന്‍ ഹാജി നാട്ടിലേക്ക് മടങ്ങുന്നു.
37 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് നാവായിക്കുളം പുന്നോട് സ്വദേശി 60കാരനായ മുഹമ്മദ് അബ്ദുല്‍ഖാദര്‍ ശംസുദ്ദീന്‍ ഹാജി ഇന്ന് (വെള്ളി) രാത്രി ദുബൈയോട് വിടപറയുക. നാസര്‍ ലൂത്ത കമ്പനിയിലേക്കുള്ള ഗ്രൂപ്പ് വിസയിലായിരുന്നു സുഹൃത്തുക്കള്‍ സ്‌നേഹത്തോടെ ഹാജിക്കയെന്ന് വിളിക്കുന്ന ശംസൂദ്ദീന്‍ 1976 ഏപ്രില്‍ 16ന് മുംബൈയില്‍ നിന്ന് ദുബൈക്ക് തിരിച്ചത്. 165 പേരായിരുന്നു ഗ്രൂപ്പ് വിസയില്‍ അക്ബര്‍ എന്ന കപ്പലില്‍ പുറപ്പെട്ടത്. 800 ഓളം പേര്‍ക്ക് സഞ്ചരിക്കാവുന്ന കൂറ്റന്‍ കപ്പല്‍. വൈകുന്നേരം അഞ്ചിനായിരുന്നു മുംബൈയില്‍ നിന്ന് യാത്ര ആരംഭിച്ചത്. അയല്‍വാസികളായ അബ്ദുറഹിമാന്‍ പുത്തന്‍വിള, ഇബ്രാഹീം പനനില്‍ക്കുംപൊയ്ക, രാജു തോലുവാരത്ത്, അബ്ദുസലാം പുതുവലില്‍ എന്നിവരായിരുന്നു സംഘത്തിലെന്ന് ഹാജിക്ക ഓര്‍ത്തെടുത്തു. ആഴക്കടലിലേക്ക് പ്രവേശിച്ചതോടെ മുംബൈയിലെ ദീപാലങ്കാരങ്ങള്‍ നേര്‍ത്ത് അപ്രത്യക്ഷമായി. പിന്നെ ഞങ്ങള്‍ക്ക് ചുറ്റും കടല്‍ മാത്രം. നടുക്കടലിലെ ആദ്യ പ്രഭാതം ഒരിക്കലും മറക്കാനാവില്ല. പലരും ചര്‍ദിക്കാന്‍ തുടങ്ങി. ചിലര്‍ തിരിച്ചുപോവാന്‍ ആഗ്രഹിച്ചു. ചര്‍ദിയെ ഭയന്ന് വീട്ടില്‍ നിന്നു കരുതിയ അരിയുണ്ടയായിരുന്നു ആ ദിനങ്ങളിലെ ഏക ഭക്ഷണം.
ആ യാത്ര മനസില്‍ നിറച്ച അസ്വസ്ഥതയും എന്നോടൊപ്പം എന്നുമുണ്ടാവും. ആറാം ദിവസം മസ്‌ക്കത്ത് തീരത്ത്് എത്തുവോളം കര കാണാനായില്ല. ഇടക്ക് രണ്ടും മൂന്നും മീറ്റര്‍ ഉയരത്തില്‍ ചാടി മറയുന്ന മത്സ്യങ്ങളെ കണ്ടു. കൂറ്റന്‍ സ്രാവുകളായിരുന്നു ചാടിത്തിമര്‍ത്തത്. അവ പലപ്പോഴും കപ്പലിന് ചുറ്റും ഇരയെ അന്വേഷിച്ചു. തീവണ്ടിയുടെ കൂപ്പെയോട് സാമ്യമുള്ളതായിരുന്നു കപ്പലിലെ ശയന മുറി. അതിന്റെ ചെറിയ ചില്ലിലൂടെ കടല്‍ കാണാമെങ്കിലും അധികവും അത് ഇരുണ്ടു കിടന്നു. പകല്‍ സമയത്ത് ഞങ്ങള്‍ കൂട്ടമായി മുകള്‍തട്ടിലെ കൈവരിയില്‍ ചാരി കടല്‍ക്കാഴ്ചകള്‍ നോക്കിനില്‍ക്കും.
ഏഴാം ദിവസമാണ് കപ്പല്‍ ദുബൈ റാശിദ് തുറമുഖത്ത് അടുക്കുന്നത്. കപ്പലില്‍ നിന്ന് ഇറങ്ങിയ ഞങ്ങളെ അജ്മാനിലേക്കായിരുന്നു കമ്പനി അധികൃതര്‍ കൊണ്ടുപോയത്. അവിടെയായിരുന്നു നാസര്‍ ലൂത്ത കമ്പനിയുടെ തൊഴിലാളി ക്യാമ്പ്. ട്രക്കിലായിരുന്നു ഞങ്ങളെ കയറ്റിയത്. അന്ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ 13ാം നിലയുടെ നിര്‍മാണം നടക്കുന്നത് കണ്ടു. ദുബൈക്കും ഷാര്‍ജക്കുമിടയില്‍ മൂന്നു നിര റോഡേയുള്ളൂ. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ സഞ്ചരിക്കുന്ന ആ പാത എന്നെപ്പോലുള്ളവരുടെ മനസിലേക്ക് ഒതുങ്ങിയിരിക്കുന്നു.
1978 വരെ ആ ജോലിയില്‍ തുടര്‍ന്നു. 1979 മുതല്‍ 1984 വരെ ദുബൈ റൂളേഴ്‌സ് കോര്‍ട്ടില്‍ കാവല്‍ക്കാരന്റെ ജോലി ചെയ്തു. 1987 ജനുവരി 21നായിരുന്നു ദുബൈ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹെല്‍തില്‍ ജോലി ലഭിക്കുന്നത്. തുടക്കത്തില്‍ റാശിദ് ആശുപത്രിയില്‍ ക്ലീനറായിരുന്നു. ഏതാനും വര്‍ഷം മുമ്പാണ് മെസഞ്ചര്‍ തസ്തികയിലേക്ക് മാറിയത്.
കഴിഞ്ഞ 12ാം തിയ്യതി വിരമിക്കുന്നത് വരെ റാശിദ് ആശുപത്രിയിലെ ആ ജോലിയില്‍ തുടരാനായത് സര്‍വശക്തന്റെ അനുഗ്രഹമാണെന്ന് മത കാര്യങ്ങളില്‍ നിഷ്ഠയുള്ള ഹാജി വ്യക്തമാക്കി. മൂത്ത മകന്‍ ശമീര്‍ ശംസുദ്ദീന്‍ ഹാജിക്കൊപ്പം കഴിഞ്ഞ പത്തു വര്‍ഷമായി റാശിദ് ആശുപത്രിയില്‍ ജോലി ചെയ്യുന്നു. ഇളയ മകന്‍ ഷാകിര്‍ ശംസുദ്ദീന്‍ ഇപ്പോള്‍ സന്ദര്‍ശന വിസയില്‍ ദുബൈയിലുണ്ട്. പിതാവിനൊപ്പം മടങ്ങും. ഉമ്മയുടെ അസുഖമാണ് കാലവധി തീരാന്‍ കുറച്ചുകൂടി കാലം ബാക്കിനില്‍ക്കേ നേരത്തെ മടങ്ങാന്‍ ഇദ്ദേഹത്തിന് പ്രരണയായത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി പുന്നോട് പ്രവാസി കൂട്ടായ്മയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നലെ യാത്രയയപ്പ് നല്‍കി. പരാതയായ സഫിയാ ബീവി ശംസുദ്ദീനും സുല്‍ഫത്തുമാണ് ഭാര്യമാര്‍.

---- facebook comment plugin here -----

Latest