വിമതശല്യം ഇരുമുന്നണികളെയും കുഴയ്ക്കുന്നു

Posted on: October 16, 2015 3:00 pm | Last updated: October 16, 2015 at 3:48 pm
SHARE

കാസര്‍കോട്: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ നടപടികള്‍ പൂര്‍ത്തിയായി. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി നാളെയാണ്.
കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളിലാണ് യു ഡി എഫിന് ഭീഷണി ഉയര്‍ത്തി വിമതര്‍ രംഗത്ത് വന്നത്. കാഞ്ഞങ്ങാട് നഗരസഭയില്‍ പതിനാറു സീറ്റുകളില്‍ മത്സരിക്കുന്ന ലീഗിനെതിരെ നാലിടത്താണ് റിബല്‍ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയത്. ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ചെയര്‍മാന്‍ കൂടിയായ എന്‍ എ ഖാലിദിനെതിരെ വിമതനായി പത്രിക നല്‍കിയത് മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റായ മഹമൂദ് മുറിയനാവിയാണ്. ജില്ലാ പഞ്ചായത്തിലേക്കും കാസര്‍കോട് നഗരസഭയിലേക്കും ലീഗ് സ്ഥാനാര്‍ഥിക്കെതിരെ വിമതര്‍ മത്സരിക്കുന്നു.
ചെറുവത്തൂരില്‍ യു ഡി എഫിന് പരക്കെ വിമതര്‍ രംഗത്തുണ്ട്. ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ലീഗും റിബലുകളെ നിര്‍ത്തിയിട്ടുണ്ട്. ഇവിടെ യു ഡി എഫ് സംവിധാനം പാടെ തകര്‍ന്ന നിലയിലാണ്. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പരിഹാരമായില്ലെങ്കില്‍ ചില വാര്‍ഡുകള്‍ വിമതര്‍ സ്വന്തമാക്കുന്ന നിലയുണ്ടാകും.
മഞ്ചേശ്വരത്തും യു ഡി എഫിന് വിമത ശല്യമുണ്ട്. മഞ്ചേശ്വരം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ ഗുഡ്ഡഗേരിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കെതിരെയാണ് യൂത്ത് ലീഗ് നേതാവ് വിമതനായി രംഗത്തുള്ളത്.
അജാനൂര്‍ പഞ്ചായത്തിലെ 22ാം വാര്‍ഡ് ബാരിക്കാട് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ സി പി ഐയിലെ ഗംഗാധരന്‍ പള്ളിക്കാലിനെതിരെ ഐ എന്‍ എല്‍ റിബലായി പത്രിക നല്‍കി. അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ സി പി എം പ്രസിഡന്റ്് സ്ഥാനാര്‍ഥിക്കെതിരെ യും റിബല്‍ മല്‍സരിക്കുന്നു.
സി പി എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗം പി ദാമോദരനെതിരെയാണ് സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജയന്‍ പത്രിക നല്‍കിയത്. ബദിയഡുക്ക പഞ്ചായത്തില്‍ ലീഗിന്റെ കുത്തക സീറ്റായ പന്ത്രണ്ടാം വാര്‍ഡ് പെരഡാലയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായിരുന്ന സി എ അബൂബക്കര്‍ റിബല്‍ സ്ഥാനാര്‍ഥിയായി പത്രിക നല്‍കി. തൃക്കരിപ്പൂര്‍ പഞ്ചായത്തിലും യു ഡി എഫിന് റിബല്‍ ശല്യമുണ്ട്. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട് മത്സരിക്കുന്ന മെട്ടമ്മലില്‍ വാര്‍ഡ് സെക്രട്ടറി സി ഇബ്‌റാഹിമാണ് റിബല്‍ സ്ഥാനാര്‍ഥി.
പഞ്ചായത്ത് വനിതാ ലീഗ് ട്രഷറര്‍ എ കെ ഉമ്മുകുല്‍സു രംഗത്തുള്ള ആയിറ്റി വാര്‍ഡിലും റിബലുകളാണ്. പഞ്ചായത്തിലെ എടാട്ടുമ്മല്‍ വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ റിബല്‍ സ്ഥാനാര്‍ഥി പത്രിക നല്‍കി. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെയാണ്. വിമതര്‍ മത്സരരംഗത്ത് ഉറച്ചുനിന്നാല്‍ ഇരുമുന്നണികള്‍ക്കുമത് കടുത്ത വെല്ലുവിളിയാകും.