കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ സുപ്രീംകോടതി റദ്ദാക്കി

Posted on: October 16, 2015 10:45 am | Last updated: October 18, 2015 at 3:51 pm

supreme courtന്യഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജഡ്ജിമാരുടെ നിയമനത്തിന് രൂപീകരിച്ച ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ സുപ്രീംകോടതി റദ്ദാക്കി. കമീഷന്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം സംവിധാനം തന്നെ തുടരണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ കൊളീജിയം സംവിധാനത്തിലും മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് കഹാര്‍ അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.

നിയമന കമീഷന്‍ രൂപീകരിച്ച ഭരണഘടനാ ഭേദഗതിയും സുപ്രീംകോടതി റദ്ദാക്കി. സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തിന് പകരമായാണ് ജുഡീഷ്യല്‍ നിയമന കമീഷന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതുപ്രകാരം ആറംഗ സമിതിയായിരിക്കും ജഡ്ജിമാരെ നിയമിക്കുക. സുപ്രീംകോടതി ചീഫ് ജസ്റ്റിസും രണ്ട് സീനിയര്‍ ജഡ്ജിമാരും കേന്ദ്ര നിയമമന്ത്രിയും രണ്ട് പ്രമുഖ വ്യക്തികളുമായിരിക്കും നിയമന കമീഷനില്‍ ഉണ്ടായിരിക്കുക. ഇതില്‍ രണ്ട് പ്രമുഖ വ്യക്തികളെ നിയമിക്കുന്നതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാകുമെന്നതാണ് കമീഷനെതിരെ നിലപാടെടുക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്. നേരത്തെ തന്നെ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ നിരവധി നിയമ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം പരമോന്നത കോടതി റദ്ദാക്കിയത് സര്‍ക്കാരും കോടതിയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍.