വഴങ്ങാതെ റിബലുകള്‍; പിന്തിരിപ്പിക്കാന്‍ തിരക്കിട്ട ശ്രമം

Posted on: October 16, 2015 10:41 am | Last updated: October 16, 2015 at 10:41 am

തിരൂരങ്ങാടി: മുന്നണി സ്ഥാനാര്‍ഥികള്‍ക്കും പ്രമുഖര്‍ക്കും ഭീഷണിയായി രംഗപ്രവേശം ചെയ്തിട്ടുള്ള റിബലുകളെ പിന്തിരിപ്പിക്കാന്‍ തിരക്കിട്ട ശ്രമം. തിരൂരങ്ങാടി, വള്ളിക്കുന്ന് നിയോജകണ്ഡലങ്ങളിലെ എല്ലാ പഞ്ചായത്തുകളിലും പലവാര്‍ഡുകളിലും ഇരു മുന്നണികള്‍ക്കും റിബലുകള്‍ ഭീഷണിയായിട്ടുണ്ട്.
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ മൂന്നിയൂരില്‍ ലീഗ്-കോണ്‍ഗ്രസ് ധാരണയാണെങ്കിലും കോണ്‍ഗ്രസ് മത്സരിക്കുന്ന വാര്‍ഡുകളില്‍ റിബലുകള്‍ മത്സര രംഗത്തുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ചിലയിടങ്ങളില്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ് രംഗത്തുള്ളത്. മൂന്നിയൂരില്‍ ലീഗ് അംഗമായിരുന്ന കെടി ഖദീജ ഇതേ വാര്‍ഡില്‍ ഇപ്പോള്‍ എല്‍ ഡി എഫ് സ്വതന്ത്രയായി രംഗത്ത് വന്നത് ലീഗിനെ ഞെട്ടിപ്പിച്ചിട്ടുണ്ട്.
തിരൂരങ്ങാടി, നന്നമ്പ്ര, തേഞ്ഞിപ്പലം പഞ്ചായത്തുകളിലും ഇരുമുന്നണികള്‍ക്കും റിബല്‍ ശല്യമുണ്ട്. തിരൂരങ്ങാടിയില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാനേതാവിന്റെ ഭാര്യ സി എം പി സ്ഥാനാര്‍ഥിയായി രംഗത്ത് വന്നിട്ടുണ്ട്. മുന്‍പഞ്ചായത്ത് വൈസ്പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ പൂങ്ങാടന്‍ ഫാത്വിമ മുന്‍വൈസ്പ്രസിഡന്റും കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച് വിജയിച്ച അംഗവുമായ കെ സുലൈഖ ഈ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിയായും രംഗത്തുണ്ട്.
കോണ്‍ഗ്രസ് മത്സരിക്കുന്ന 29ാംവാര്‍ഡില്‍ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് അംഗവുമായ എം കുഞ്ഞിമുഹമ്മദിന് പുറമെ ലീഗ് റിബലും മത്സരിക്കുന്നുണ്ട്.
റിബലുകളെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി തലങ്ങളിലും മറ്റും തിരക്കിട്ട ശ്രമമാണ് നടക്കുന്നത്. പക്ഷേ പലരും പിന്‍മറാന്‍ കൂട്ടാക്കുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ എതിര്‍പ്പും നേതൃത്വത്തോടുള്ള അഭിപ്രായ വ്യത്യാസവുമാണ് പലയിടങ്ങിലും റിബലുകളുടെ തള്ളിക്കയറ്റത്തിന് കാരണമായത്.