വിടപറഞ്ഞത് പഴമയുടെ പെരുമ കാത്തുവെച്ച കോടിപതി

Posted on: October 16, 2015 10:40 am | Last updated: October 16, 2015 at 10:40 am
SHARE

കോട്ടക്കല്‍: മുന്നൂറ് വര്‍ഷം പഴക്കമുള്ള ഖുര്‍ആന്‍ കൈയെഴുത്ത് പ്രതി, മുക്കാല്‍ ഇഞ്ചി നീളവും അര ഇഞ്ച് വീതിയുമുള്ള ഖുര്‍ആന്‍, 200ല്‍ പരം രാഷ്ട്രങ്ങളുടെ വിവിധ തരം കറന്‍സികള്‍, ശിലായുഗ ആയുധങ്ങള്‍… ഇന്നലെ വിടപറഞ്ഞ ഒതുക്കുങ്ങല്‍ പള്ളിപ്പടിയിലെ കപ്പേക്കാടന്‍ ബീരാന്‍ കുട്ടിയുടെ ശേഖരം ഇവിടെയും ഒതുങ്ങുന്നില്ല. പുരാവസ്തു വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന വസ്തുക്കളുടെ അമൂല്യ സുക്ഷിപ്പുകാരനായിരുന്നു ഇദ്ദേഹം. സ്വന്തം വീട് മ്യൂസിയമാക്കി ഒരു ആയുസ് മുഴുവന്‍ ശേഖരിച്ച വസ്തുക്കള്‍ പൊന്നു പോലെ സൂക്ഷിച്ചു വെ ച്ചിരുന്നു.
ചെറുപ്പത്തിലെ തുടങ്ങിയ പഴയ പാത്ര വില്‍പ്പനയില്‍ നിന്നാണ് ഈ അമൂല്യ സൂക്ഷിപ്പുകാരന്‍ ഉയര്‍ന്നു വന്നത്. മലപ്പുറത്തെ നാട്ടിന്‍ പുറങ്ങളില്‍ നിന്നും പഴയ പാത്രങ്ങള്‍ ശേഖരിച്ച് വിറ്റഴിച്ചിരുന്ന ഇദ്ദേഹത്തിന് ഇതിനിടയില്‍ ലഭിച്ച നാണയങ്ങളില്‍ നിന്നാണ് ഒരപൂര്‍വ്വ ചരിത്ര മ്യൂസിയത്തിന് അദ്ദേഹം മുതിര്‍ന്നത്. 500 ലേറെ വര്‍ഷം പഴക്കമുള്ള തിമിഗംല തലയോട്ടി, 250ലേറെ രാഷ്ട്രങ്ങളിലെ നാണയങ്ങള്‍, 1900 മുതലുള്ള തപാല്‍ മുദ്രകളും കവറുകളും, ഒറ്റത്തടിയില്‍ കടഞ്ഞെടുത്ത വീണ, 150ലേറെ വര്‍ഷം പഴക്കമുളള മരത്തടിയില്‍ തീര്‍ത്ത ക്യാമറ, നന്നങ്ങാടി, 1000വര്‍ഷം പഴക്കം വരുന്ന ചൈനീസ് മണ്‍ഭരണി, രാജക്കന്‍മാര്‍ ഉപയോഗിച്ചിരുന്ന മഞ്ചലുകള്‍, മാപ്പിള കവി മോയീന്‍ കുട്ടി വൈദ്യരുടെ കൈയെഴുത്ത് പ്രതി, രണ്ട് പതിറ്റാണ്ട് പഴക്കമുള്ള താളിയോല ഔഷധ ഗ്രന്ഥങ്ങള്‍, കൊച്ചിരാജാക്കന്‍മാരുടെ കാലത്തെ ഓലയില്‍ എഴുതിയ ആധാരങ്ങള്‍, ശ്രീരാമപട്ടാഭിഷേകം ആലേഖനം ചെയ്ത നാണയങ്ങള്‍ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ സൂക്ഷിപ്പായുണ്ട്. സാമുതിരിയുടെ കാലത്തെ നാണയമാണ് ഏറ്റവും ചെറിയ നാണയമായി സൂക്ഷിച്ചിരിക്കുന്നത്. ഒട്ടേറെ ഇസ്‌ലാമിക പുരാവസ്തുക്കള്‍ കൊണ്ട് സമ്പന്നമാണ് ഇദ്ദേഹത്തിന്റെ ശേഖരം. ചരിത്ര കുതുകികള്‍ക്ക് മുമ്പില്‍ എന്നും തുറന്ന് വെക്കപ്പെട്ടതായിരുന്നു ഇവയത്രയും. കേരളത്തിന്റെ ഒട്ടുമിക്ക ദേശങ്ങളിലും പ്രദര്‍ശത്തിന് വെച്ചിട്ടുണ്ട് ഇവയെല്ലാം. സ്വന്തമായി കൊണ്ട് നടന്നാണിവയൊക്കെ പ്രദര്‍ശിപ്പിച്ചിരുന്നത്. 17 മത്തെ വയസില്‍ പാത്ര കച്ചവടത്തിനായി വയനാട്ടിലേക്ക് പോയ ഇദ്ദേഹത്തിന് കച്ചവടത്തില്‍ വന്‍ ലാഭമായിരുന്നു ലഭിച്ചിരുന്നത്. അക്കാലത്ത് തന്നെ ദിനം പ്രതി 500 രൂപ വരെ വരുമാനമുണ്ടായിരുന്നതായി ഇദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഈ തുകയെല്ലം ഒത്തുകൂട്ടി പുരാവസ്തുക്കള്‍ ശേഖരിക്കുകയായിരുന്നു.
ഇവ ഉപയോഗിച്ച് ഭൂമി വാങ്ങിയിരുന്നെങ്കില്‍ കോടികളുടെ ഉടമാകുമായിരുന്നു. തന്റെ സൂക്ഷിപ്പുകള്‍ക്ക് ഇടക്കാലത്ത് വിലപറയാന്‍ ചിലരെങ്കിലും വന്നങ്കിലും നിധി പോലെ സൂക്ഷിച്ച അവയൊന്നും വിറ്റഴിക്കാന്‍ ഇദ്ദേഹം ഒരുക്കമായിരുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷംമുമ്പ് വരെ ഇവയുടെ പ്രദര്‍ശനവുമായി ബീരാന്‍കുട്ടിയുണ്ടായിരുന്നു. ശാരീരിക അവശത ബാധിച്ചതോടെ ഇത് പേരമകന്‍ ഏറ്റെടുത്തു. ഇദ്ദേഹത്തിന്റെ സൂക്ഷിപ്പുകള്‍ ചരിത്ര കുതുകികള്‍ക്ക് മുമ്പില്‍ പേരമകന്‍ ഖുവൈല്‍ ആണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here