ലീഗ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി: പറപ്പൂരില്‍ ജനകീയ മുന്നണിക്ക് വിജയം

Posted on: October 16, 2015 10:38 am | Last updated: October 16, 2015 at 10:38 am
SHARE

വേങ്ങര: പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി. ഇതോടെ ജനകീയ മുന്നണി സ്ഥാനാര്‍ഥി തൂമ്പത്ത് നസീറ ടീച്ചര്‍ക്ക് വിജയം. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി എം കെ ഫാത്വിമ കുഞ്ഞീതി, ഡമ്മി സ്ഥാനാര്‍ഥി തേക്കില്‍ സഫ്രീന സിദ്ദീഖ് എന്നിവരുടെ പത്രികകള്‍ നോമിനേഷന്‍ ഫോറത്തിലെ അപാകത കാരണം വരണാധികാരി സൂക്ഷ്മ പരിശോധനയില്‍ തള്ളി.
ഇതോടെ നിലനിന്ന ജനകീയ മുന്നണിയുടെ ഡമ്മി സ്ഥാനാര്‍ഥി പ്രജിത കൊടക്കാട് പത്രിക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയ വിവരമറിഞ്ഞ് സൂക്ഷ്മ പരിശോധന കേന്ദ്രമായ വേങ്ങര ബ്ലോക്ക് ഓഫീസില്‍ ലീഗ് നേതാക്കളെത്തുകയും ബഹളം വെക്കുകയും ചെയ്തു. പോലീസും സ്ഥലത്തെത്തി.
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട തൂമ്പത്ത് നസീറ ടീച്ചര്‍ ഇത് രണ്ടാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. 2001 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എടരിക്കോട് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് വിജയിച്ചിരുന്നത്.
അന്ന് എതിര്‍ സ്ഥാനാര്‍ഥിയെ 27 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ യു ഡി എഫ് സംവിധാനമുണ്ടാക്കിയിരുന്ന പറപ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ റിബലിനെ നിര്‍ത്തി മുസ്‌ലിം ലീഗ് വിജയിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത വൈര്യം കാരണം പറപ്പൂരിലെ ഏറ്റവും വാശിയേറിയ മത്സരം നടക്കേണ്ടിയിരുന്ന വാര്‍ഡിലാണ് അപ്രതീക്ഷിതമായി നസീറയുടെ വിജയം

LEAVE A REPLY

Please enter your comment!
Please enter your name here