കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ച കൃഷ്ണന്റെ വീട്ടിലേക്ക് ജനപ്രവാഹം

Posted on: October 16, 2015 9:46 am | Last updated: October 16, 2015 at 9:46 am
SHARE

പനമരം: നെല്ലിയമ്പം കാവടം കവലയിലെ ചെമ്പോട്ടി ചുള്ളിപ്പുര കോളനിയിലെ കൃഷ്ണന്റെ വേര്‍പാട് നാടിനെ ദുഖത്തിലാഴ്ത്തി. കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ച കൃഷ്ണന്റെ വീട്ടിലേക്ക് വന്‍ജനപ്രവാഹമാണുണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കൃഷ്ണനും സഹോദരന്‍ അപ്പുവും ചേര്‍ന്ന് തൊട്ടടുത്തുള്ള സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ പശുവിന് പുല്ലരിയാന്‍ പോകുകയായിരുന്നു. രണ്ട് പേരും കുറച്ചുമാറി നിന്നാണ് പുല്ലരിയാന്‍ തുടങ്ങിയത്. അല്‍പ്പസമയം കഴിഞ്ഞ് കൃഷ്ണന്റെ നിലവിളി കേട്ട് സഹോദരന്‍ അപ്പു ചെന്നുനോക്കിയപ്പോള്‍ കൃഷ്ണനെ കാട്ടുപന്നി ആക്രമിക്കുന്നതായി കാണുകയായിരുന്നു. കൃഷ്ണന്റെ തുടയിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുണ്ട്. കൃഷ്ണനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്പുവിനെ കാട്ടുപന്നി ആക്രമിച്ചത്. ഇവരുടെ ബഹളം കേട്ടെത്തിയ പ്രദേശവാസി ചെന്ന് നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അപ്പുവിനെയും കൃഷ്ണനെയും കണ്ടത്. ഇവരെ പനമരം ഗവ. ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേയെയാണ് കൃഷ്ണന്‍ മരിച്ചത്.
കുടംബത്തിന്റെ അത്താണിയായിരുന്ന മരിച്ച കൃഷ്ണന്‍ പശുവിന്റെ പാല്‍ വിറ്റായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. കുടുംബസ്വത്തായി കിട്ടിയ 10 സെന്റ് സ്ഥലത്തില്‍ വീട് വെച്ചാണ് കൃഷ്ണനും കുടുംബവും കഴിഞ്ഞുവന്നത്. എല്ലാവരും നല്ലരീതിയിലുള്ള പെരുമാറ്റമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. രണ്ട് പെണ്‍മക്കളെ നേരത്തെ തന്നെ വിവാഹം കഴിച്ചുവിട്ടു. മകന്‍ രഞ്ജിത്തിന് കാര്യമായ ജോലിയൊന്നും ആയിട്ടില്ല. നെല്‍വയലുകള്‍ പാട്ടത്തിനെടുത്ത് കൃഷ്ണന്‍ നെല്‍കൃഷിയും ചെയ്തുവരാറുണ്ടായിരുന്നു. വനംവകുപ്പ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ സഹോദരന്‍ അപ്പുവിന്റെ നില മെച്ചപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. നെയ്ക്കുപ്പ വനത്തില്‍ നിന്നും ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാണ് നെല്ലിയമ്പം പ്രദേശത്ത് കാട്ടുപന്നിയെത്തിയത്. നെല്ലിയമ്പം, കാവടം എന്നിവിടങ്ങളില്‍ കാട്ടാനശല്യത്തിന് പുറമെ പന്നിശല്യവും രൂക്ഷമായിട്ടുണ്ട്.