പാലക്കാട് നഗരസഭയില്‍ മുന്നണികള്‍ക്ക് ജീവന്മരണപോരാട്ടം

Posted on: October 16, 2015 9:43 am | Last updated: October 16, 2015 at 9:43 am

പാലക്കാട്: നഗരസഭയിലെ ഭരണം നിലനിര്‍ത്താന്‍ യു ഡി എഫും താമരവിരിയിക്കാന്‍ ബി ജെ പി, പിടിച്ചടക്കാന്‍ എല്‍ ഡി എഫും ശ്രമം ആരംഭിച്ചു.
പാലക്കാട് നഗരസഭ തിരഞ്ഞെടുപ്പ് സംസ്ഥാനത്തെ ശ്രദ്ധാകേന്ദ്രമാണ്. ജില്ലാ ആസ്ഥാനത്തെ നഗരഭരണം ഇടതു, വലതു മുന്നണികള്‍ക്കും ബിജെ പിക്കും അഭിമാനപ്പോരാട്ടമാണ്.
കേരളത്തില്‍ ബി ജെ പി പ്രതീക്ഷ പുലര്‍ത്തുന്ന നഗരസഭയാണു പാലക്കാട്ടേത്. ഭരണം നിലനിര്‍ത്തുക എന്നതില്‍ കുറഞ്ഞൊരു ലക്ഷ്യം യു ഡി എഫിനില്ല. സ്ഥിതി മെച്ചപ്പെടുത്തകയല്ല ഭരണം തന്നെയാണു ലക്ഷ്യമെന്ന് എല്‍ ഡി എഫും പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇടതുമുന്നണിയും ബി ജെ പിയും 52 വാര്‍ഡുകളിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. യു ഡി എഫ് സ്ഥാനാര്‍ഥികളെ രംഗത്തിറക്കി പ്രചാരണം തുടങ്ങി. 19,23,41 വാര്‍ഡുകളില്‍ ഒന്നിലധികം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിക്കു മുന്‍പ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും. 41–ാം വാര്‍ഡില്‍ മുന്‍ നഗരസഭ ചെയര്‍പഴ്‌സന്‍ പി എ രമണീബായി, സ്ഥിരം സമിതി അധ്യക്ഷ എം സാവിത്രി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജേശ്വരി ജയപ്രകാശ് ഉള്‍പ്പെടെ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നഗരസഭ ചെയര്‍മാന്‍ പി വി രാജേഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും ബി ജെ പി ജില്ലാ പ്രസിഡന്റുമായ സി കൃഷ്ണകുമാര്‍, മുന്‍ എം എല്‍ എമാരും സി പി എം നേതാക്കള്‍ എം നാരായണന്‍, ടി കെനൗഷാദ് തുടങ്ങിയവരാണു പോരാട്ടരംഗത്തെ മുന്‍നിരയില്‍.
പി വി രാജേഷും, സികൃഷ്ണകുമാറും 18-ാം വാര്‍ഡ് കൊപ്പത്ത് നേര്‍ക്കുനേരെയാണ് അങ്കം കുറിക്കുന്നത്. പാലക്കാട് നഗരസഭയിലെ ആകെ വാര്‍ഡ് 52 ല്‍ യു ഡി എഫില്‍ കോണ്‍ഗ്രസ് 40, മുസിലിം ലീഗ് 10, ആര്‍ എസ് പി, കേരള കോണ്‍ഗ്രസ് (മാണി) പാര്‍ട്ടികള്‍ ഓരോ സീറ്റിലും മത്സരിക്കുന്നു.
എല്‍ ഡി എഫില്‍ 12 പേര്‍ സ്വതന്ത്രരാണ്. സി പി എം 35, സി പി ഐ മൂന്ന്, എന്‍സിപി, ജനതാദള്‍ കക്ഷികള്‍ ഓരോ സീറ്റിലും മത്സരിക്കും.
27–ാം വാര്‍ഡ് മണപ്പുള്ളിക്കാവില്‍ സി പി എം വിട്ടുവന്ന കെ ബാബുവാണു ബി ജെ പിയുടെ സ്വതന്ത്രസ്ഥാനാര്‍ഥി. ബാക്കി 51 വാര്‍ഡുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കും.