Connect with us

National

ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Published

|

Last Updated

പാറ്റ്‌ന: 456 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് പുരോഗമിക്കുന്നു. നക്‌സല്‍ ഭീഷണി നിലനില്‍ക്കുന്ന ആറ് ജില്ലകളില്‍പ്പെട്ട 32 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.  ആദ്യഘട്ടത്തില്‍ 49 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി അക്രമസംഭവങ്ങള്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൈമൂര്‍, റോഹ്താസ്, അര്‍വാല്‍, ജെഹനാബാദ്, ഔറംഗബാദ്, ഗയ ജില്ലകളില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 993 കമ്പനി കേന്ദ്ര അര്‍ധ സൈനിക വിഭാഗത്തെയാണ് സുരക്ഷ ഉറപ്പാക്കാന്‍ ഇന്ന് വിന്യസിച്ചിരിക്കുന്നത്. 334 കമ്പനികള്‍ ഗയയിലും 201 കമ്പനികള്‍ റോഹ്താസിലും 193 കമ്പനികള്‍ ഔറംഗാബാദിലും നിലയുറപ്പിച്ചിട്ടുണ്ട്.
നക്‌സല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ 23ഓളം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സമയം ഒന്നോ രണ്ടോ മണിക്കൂറുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. രാവിലെ ഏഴിന് തന്നെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും 11 മണ്ഡലങ്ങളില്‍ വൈകുന്നേരം മൂന്നിനും 12 മണ്ഡലങ്ങളില്‍ നാലിനുമായിരിക്കും വോട്ടെടുപ്പ് അവസാനിക്കുക. മറ്റിടങ്ങളില്‍ സാധാരണ പോലെ അഞ്ച് മണി വരെ വോട്ട് ചെയ്യാവുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
456 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇവരില്‍ 32 പേര്‍ വനിതകളാണ്. 86,13,870 വോട്ടര്‍മാര്‍ക്കായി 9,119 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ പ്രേം കുമാര്‍, ബി ജെ പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഗോപാല്‍ നാരായണ്‍ സിംഗ്, മന്ത്രി ജയ്കുമാര്‍ സിംഗ് തുടങ്ങിയ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നുണ്ട്. ആദ്യഘട്ട പോളിംഗ് നടന്ന 49 മണ്ഡലങ്ങളില്‍ 57 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. മൂന്നാം ഘട്ടം ഈ മാസം 28നും നാലാം ഘട്ടം നവംബര്‍ ഒന്നിനും അഞ്ചാം ഘട്ടം അഞ്ചിനുമാണ് നടക്കുക. നവംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

---- facebook comment plugin here -----

Latest