Connect with us

Kozhikode

എക്‌സിറ്റ് പോള്‍ നടത്തുന്നതിന് വിലക്ക്

Published

|

Last Updated

കോഴിക്കോട്: ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കോ സ്ഥാനാര്‍ഥിക്കോ അനുകൂലമോ പ്രതികൂലമോ ആവുംവിധം എക്‌സിറ്റ് പോള്‍ സംഘടിപ്പിക്കുന്നതും അത് സംബന്ധിച്ച ഫലപ്രഖ്യാപനം നടത്തുന്നതിനും വിലക്ക്. ഇത് സംബന്ധിച്ച് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126(എ) വകുപ്പിലെ വ്യവസ്ഥകള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിനും ബാധകമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള സംപ്രേഷണത്തിലും ഇത്തരത്തിലുള്ള ഉള്ളടക്കം ഉണ്ടാവാതെ ശ്രദ്ധിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തര്‍ക്കായി കമ്മീഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണിത്.
വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുത്. കേബിള്‍ നെറ്റ്‌വര്‍ക്ക് (റെഗുലേഷന്‍) ആക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും പരാതികള്‍ കേള്‍ക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായി ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി രൂപവത്കരിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Latest