Connect with us

Kozhikode

ഉള്ളു തുറന്ന് അവര്‍ വിടവാങ്ങി; ആരോടും പരിഭവമില്ലാതെ

Published

|

Last Updated

കോഴിക്കോട്: കോര്‍പറേഷന്റെ നിലവിലെ ഭരണ സമിതിയുടെ അവസാനത്തെ കൗണ്‍സില്‍ യോഗം ഇന്നലെ നടന്നു. 75 കൗണ്‍സിലര്‍മാരും ഒത്തുചേര്‍ന്നുള്ള യോഗം മേയറുടേയും കൗണ്‍സിലര്‍മാരുടേയും വിട വാങ്ങല്‍ പ്രസംഗത്തോടെയാണ് അവസാനിച്ചത്.
പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ ചിലരൊക്കെ പൂര്‍ത്തീകരിക്കാതെ പോയ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ചുവെങ്കിലും കാര്യമായ വിമര്‍ശനങ്ങളിലേക്കൊന്നും കടന്നില്ല. കോര്‍പറേഷന്‍ പരിധിയിലും ഉടമസ്ഥതയിലുമുള്ള കെട്ടിടങ്ങളുടെ ലൈസന്‍സ് സംബന്ധിച്ച ഏതാനും അജന്‍ഡകള്‍ പാസ്സാക്കിയ ശേഷം കൗണ്‍സിലര്‍മാരെന്ന നിലയിലുള്ള അനുഭവങ്ങള്‍ ഓരോ നഗരസഭാ അംഗങ്ങളും പങ്കുവെച്ചു.
“മേയര്‍ക്ക് നേരെ ഗ്ലാസെറിഞ്ഞെന്ന” ആരോപണം നേരിടേണ്ടിവന്ന സി എസ് സത്യഭാമയുടെ തുറന്ന് പറച്ചിലിനും അവസാന കൗണ്‍സില്‍ വേദിയൊരുക്കി. 2012 ഫെബ്രുവരി 14 തന്റെ ജീവിതത്തിലെ കറുത്ത അധ്യായമാണെന്ന് അഭിപ്രായപ്പെട്ട സത്യഭാമ, താന്‍ അപരാധിയല്ലെന്ന് അന്നേ വ്യക്തമാക്കിയ ഇടത് കൗണ്‍സിലര്‍ ഹമീദിന് നന്ദി പറയുകയും ചെയ്തു. ഒരിക്കല്‍ കൗണ്‍സിലിലെ ബഹളത്തിനിടയില്‍ മേയറുടെ മൈക്ക് പിടിച്ചു വലിച്ചത് അറിവില്ലായ്മ കൊണ്ടാണെന്ന് പറഞ്ഞ സത്യഭാമ അന്നത്തെ ചെയ്തിക്ക് മേയറോട് മാപ്പ് ചോദിച്ചു. രാഷ്ട്രീയം നോക്കാതെയുള്ള വികസനമാണ് കാഴ്ചവെച്ചതെന്ന് മേയര്‍ പറഞ്ഞു. ഈ കൗണ്‍സിലില്‍ ചെയ്തുതീര്‍ക്കാന്‍ കഴിയാത്ത വികസന പ്രവര്‍ത്തനങ്ങള്‍ അടുത്ത കൗണ്‍സിലില്‍ ചെയ്ത് തീര്‍ക്കും. വരുന്ന കൗണ്‍സില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കുമെന്നും മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ പ്രൊഫ.പി ടി അബ്ദുല്‍ ലത്തീഫ്, പി ഉഷാദേവി ടീച്ചര്‍, ടി പി കോയമൊയ്തീന്‍, ശ്രീവല്ലിരാമന്‍, പൊന്ന്യത്ത് ദേവരാജന്‍ തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

Latest