Connect with us

Kozhikode

യു ഡി എഫില്‍ വിമത ഭീഷണിയും തര്‍ക്കങ്ങളും രൂക്ഷം

Published

|

Last Updated

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ ജില്ലയില്‍ വിമത ഭീഷണിയും തര്‍ക്കങ്ങളും യു ഡി എഫിന് വലിയ തലവേദനയാകുന്നു. എല്‍ ഡി എഫിനുള്ളിലും ചിലയിടത്ത് തര്‍ക്കങ്ങളും വിമത ശല്യവും നിലനില്‍ക്കുന്നുണ്ടെങ്കിലും യു ഡി എഫിനെ അപേക്ഷിച്ച് കുറവാണ്.
എല്‍ ഡി എഫില്‍ കോര്‍പറേഷനിലെ പന്നിയങ്കര വാര്‍ഡില്‍ സി പി എമ്മും സി പി ഐയും പത്രിക നല്‍കിയിട്ടുണ്ട്. വടകരയിലെ ചില വാര്‍ഡുകളില്‍ ഐ എന്‍ എല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ജില്ലാപഞ്ചായത്തില്‍ ജനതാദള്‍ എസ് ഒറ്റക്ക് മത്സരിക്കുന്നത് ഒഴിച്ചാല്‍ കാര്യമായ പ്രതിസന്ധികളില്ല. എന്നാല്‍ യു ഡി എഫില്‍ പലയിടത്തും പൊട്ടിത്തെറിയുടെ വക്കിലാണ്. മുന്നണിയിലെ ഘടകക്ഷികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പുറമെ ഓരോ കക്ഷിക്കകത്തും വിമത ശല്യവുമാണ്. നിരവധി ഗ്രാമപഞ്ചായത്തുകളിലും കോര്‍പറേഷനിലും പയ്യോളി മുനിസിപ്പാലിറ്റിയിലും പുതുതായി രൂപവത്കരിച്ച മുക്കം മുനിസിപ്പാലിറ്റിയിലുമെല്ലാം യു ഡി എഫിനുള്ളില്‍ പ്രശ്‌നം രൂക്ഷമാണ്. സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ പലയിടത്തും പ്രവര്‍ത്തകരും നേതാക്കളും രാജിവെച്ച് വിമതരായി മത്സര രംഗത്തെത്തുന്നു. ചിലര്‍ പ്രചാരണ രംഗത്ത് നിന്ന് മാറിനില്‍ക്കുന്നു. യു ഡി എഫില്‍ കോണ്‍ഗ്രസാണ് കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്.
പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ 17ന് മുമ്പ് വിമതരെ മെരുക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്.കോര്‍പറേഷനില്‍ നടുവട്ടം ഡിവിഷന്‍ സി എം പിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രമേശ് നമ്പിയത്ത് പത്രിക നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവും നിലവില്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ വിദ്യാ ബാലകൃഷ്ണന്‍ മത്സരിക്കുന്ന ചേവായൂരിലും വിമത ഭീഷണിയുണ്ട്. വെള്ളിമാട്കുന്ന് നിലവിലെ കൗണ്‍സിലറുടെ ഭാര്യയായ പ്രമീള ബാലഗോപാലിന് സീറ്റ് നല്‍കിയതിനെതിരെയും പ്രതിഷേധം നിലനില്‍ക്കന്നു.
കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളില്‍ പ്രമീളയും ഭര്‍ത്താവും തന്നെയാണ് മത്സരിക്കുന്നതെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. ചേവായൂരില്‍ കെ പി സി സി നിര്‍വാഹക സമിതി അംഗം നിയാസിന്റെ സ്ഥാനാര്‍ഥിത്വത്തിന് എതിരെയും പ്രതിഷേധമുണ്ട്. കുറ്റിച്ചറിയില്‍ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ നേതൃത്വത്തോട് തെറ്റി പ്രചാരണ രംഗത്ത് നിന്ന് മാറിനില്‍ക്കുകയാണ്. സീറ്റ് ലഭിക്കാത്തിന്റെ പേരില്‍ ആര്‍ എസ് പി ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി യു ഡി എഫ് സംവിധാനത്തിന് എതിരെ രംഗത്തുണ്ട്. ജില്ലയില്‍ പലയിടത്തും ഇവര്‍ മത്സരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സീറ്റ് വിഭജനത്തില്‍ പരിഗണിച്ചില്ലെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടിയിലെ ഒരു വിഭാഗം പേരാമ്പ്രയില്‍ ഒറ്റക്ക് മത്സരിക്കുന്നു.
പയ്യോളി മുനിസിപ്പാലിറ്റിയില്‍ മുന്നണി തീരുമാനങ്ങള്‍ മറികടന്ന് കോണ്‍ഗ്രസും ലീഗും മത്സരിക്കുന്ന വാര്‍ഡുകള്‍ അടക്കം പല വാര്‍ഡുകളിലും ഐ ഗ്രൂപ്പ് പത്രിക നല്‍കി. ലീഗിന്റെ 11 വാര്‍ഡുകളില്‍ ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മത്സരിക്കുന്ന അഞ്ച് വാര്‍ഡുകളില്‍ ലീഗും പത്രിക നല്‍കിയിട്ടുണ്ട്. മുക്കം മുനിസിപ്പാലിറ്റിയില്‍ സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് (എം) ല്‍ നിന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അടക്കം നിരവധി പേര്‍ രാജിവെച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ജില്ലാ- ബ്ലോക്ക് നേതാക്കള്‍ ഇതില്‍ ഉള്‍പ്പെടും. എം ഐ ഷാനവാസിനെ എതിര്‍ത്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ട ഏതാനും പേര്‍ ചേര്‍ന്ന് പൊതുജന മുന്നണി രൂപവത്കരിച്ച് മുക്കത്ത് മത്സരിക്കുന്നു.
മുനിസിപ്പാലിറ്റിയിലെ മൂന്ന് വാര്‍ഡിലും ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഇവര്‍ മത്സരിക്കുന്നുണ്ട്. തങ്ങള്‍ ലഭിച്ച സീറ്റുകളില്‍ വിമത ഭീഷണിയൊന്നുമില്ലാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്‌ലിംലീഗ് പ്രചാരണം സജീവമാക്കിയെങ്കിലും കോണ്‍ഗ്രസ് മത്സരിക്കുന്ന ചില വാര്‍ഡുകളില്‍ രണ്ടും മൂന്നും സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്.
കൊടിയത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന രണ്ട് വാര്‍ഡുകളില്‍ മുസ്‌ലിംലീഗ് വിമതര്‍ മത്സര രംഗത്തുണ്ട്. കൂടാതെ കോണ്‍ഗ്രസ് മത്സരിക്കുന്ന ഒരു വാര്‍ഡില്‍ രണ്ട് പ്രവര്‍ത്തകരും പത്രിക നല്‍കിയിട്ടുണ്ട്. പുതുപ്പാടിയില്‍ ഒരു വാര്‍ഡിലും കോണ്‍ഗ്രസ് റിബല്‍ മത്സര രംഗത്തുണ്ട്.