അഫ്ഗാനിലെ യു എസ് സൈനിക സാന്നിധ്യം തുടരാന്‍ ആലോചന

Posted on: October 16, 2015 4:28 am | Last updated: October 15, 2015 at 11:29 pm
SHARE

OBAMA ROUNDവാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ സൈനിക സാന്നിധ്യം നീട്ടിക്കൊണ്ടുപോകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പുനരാലോചിക്കുന്നു. നിലവില്‍ 9,800 യു എസ് സൈനികര്‍ അഫ്ഗാനിലുണ്ട്. അടുത്ത വര്‍ഷം മുഴുവനും ഇവരെ അഫ്ഗാനില്‍ തന്നെ നിലനിര്‍ത്താനാണ് ഒബാമയുടെ നീക്കം. അടുത്തിടെ താലിബാന്‍ അഫ്ഗാനിലെ കുന്ദുസ് നഗരം പിടിച്ചടക്കിയിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് സൈനിക പിന്‍മാറ്റം നീട്ടിക്കൊണ്ടുപോകാന്‍ ആലോചന നടക്കുന്നത്.
കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനിടെ ഒബാമ നല്‍കിയിരുന്ന പ്രധാന വാഗ്ദാനം അഫ്ഗാനില്‍ നിന്നുള്ള യു എസ് സൈന്യത്തിന്റെ പൂര്‍ണ പിന്‍മാറ്റമായിരുന്നു. എന്നാല്‍, തന്റെ കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് വാഗ്ദാനങ്ങളില്‍ നിന്ന് പിന്മാറി പുതിയ നിലപാടുകളുമായി അദ്ദേഹം രംഗത്തെത്തുന്നത്. 3,000 മുതല്‍ 5,000 വരെ സൈനികരെ ഭീകരവിരുദ്ധ പോരാട്ടത്തിന് അഫ്ഗാനില്‍ നിലനിര്‍ത്തണമെന്നാണ് ജോയിന്റ്ചീഫ് മുന്‍ അധ്യക്ഷന്‍ ജനറല്‍ മാര്‍ട്ടിന്‍ ഡംപ്‌സി അഭിപ്രായപ്പെടുന്നത്.
മുഴുവന്‍ സൈനികരെയും 2017 ജനുവരിയോട പിന്‍വലിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അഫ്ഗാന്‍ സൈന്യത്തിന് പിന്തുണ നല്‍കാന്‍ എന്ന പേരിലാണ് മുന്‍ നിലപാടുകളില്‍ മാറ്റം വരുത്തുന്നത്. ഒബാമയും അഫ്ഗാന്‍ നേതാക്കളും പെന്റഗണ്‍ ഉദ്യോഗസ്ഥരും സൈനിക മേധാവികളും തമ്മില്‍ നടന്ന ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് സൈന്യത്തെ അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കുന്നത് വൈകിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് യു എസ് ഭരണവിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിന് പുറമെ അഫ്ഗാനില്‍ പിടിമുറുക്കാന്‍ ഇസില്‍ തീവ്രവാദികളും രംഗത്തുണ്ടെന്ന് അമേരിക്ക വാദിക്കുന്നു.
കുന്ദുസ് നഗരം പിടിച്ചെടുത്ത താലിബാന്‍ നീക്കം പെന്റഗണിനെ വീണ്ടും ആശങ്കയിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ അമേരിക്കയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് ഗുണകരമല്ലെന്നാണ് കോണ്‍ഗ്രസിന്റെ കാഴ്ചപ്പാട്. കുന്ദുസ് പിടിച്ചെടുത്തതിന് ശേഷം അഫ്ഗാന്‍ സൈന്യം തിരിച്ചടി നടത്തിയെങ്കിലും നഗരം വീണ്ടെടുക്കാനായിരുന്നില്ല. പിന്നീട് യു എസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിന്റെ സഹായത്തോടെയായിരുന്നു നഗരത്തില്‍ നിന്ന് താലിബാനികളെ തുരത്തിയത്. അഫ്ഗാന്‍ സൈന്യത്തിനും അശ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ സര്‍ക്കാറിനും ഏറ്റ കനത്ത തിരിച്ചടിയെന്നാണ് താലിബാനികളുടെ ഈ മുന്നേറ്റത്തെ വിലയിരുത്തപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here