കാലിക്കറ്റില്‍ ഇപ്പോള്‍ എന്തൊക്കെയാണ് നടക്കുന്നത്?

Posted on: October 16, 2015 4:39 am | Last updated: October 16, 2015 at 5:54 am
SHARE

calicut universityകേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന സര്‍വകലാശാലയാണ് കാലിക്കറ്റ് സര്‍വകലാശാല. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ അനേകായിരം വിദ്യാര്‍ഥികളാണ് ഈ സര്‍വകലാശാലയെ ആശ്രയിച്ച് പഠനം നടത്തുന്നത്. എറ്റവും കൂടുതല്‍ കോളജുകളും കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലാണ്. എന്നാല്‍ ഇത്രയും പ്രാധാന്യമുള്ള ഒരു വിദ്യാഭ്യാസ കേന്ദ്രത്തെ കാലങ്ങളായി ഭരണകൂടവും സര്‍വകലാശാല അധികൃതരും വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തുപോരുന്നത്. നിരന്തര വിവാദങ്ങളുടെയും കക്ഷി രാഷ്ട്രീയ പകപോക്കലിന്റെയും വേദിയായി യൂനിവേഴ്‌സിറ്റി മാറിയിരിക്കുന്നു.
കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളുടെ അംഗീകാരം യു ജി സി റദ്ദാക്കിയിരിക്കുകയാണ്. വിദൂര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് യു ജി സി നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലാത്തതിനാലാണ് അഗീകാരം റദ്ദാക്കിയത് എന്നാണ് പറയുന്നത്. ഓരോ വര്‍ഷവും മുപ്പതിനായിരത്തിലേറെ വിദ്യാര്‍ഥികളാണ് കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്യുന്നത്. മൊത്തം രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ വിവിധ കോഴ്‌സുകളില്‍ പഠനം നടത്തുന്നുണ്ടിപ്പോള്‍. ഇവരുടെയെല്ലാം ഭാവി അനിശ്ചിതത്വത്തിലാക്കിയാണ് വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം നഷ്ടപ്പെടുത്തിയിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്ന് സമൂഹം അറിയേണ്ടതുണ്ട്. യൂനിവേഴ്‌സിറ്റി കാമ്പസിനു പുറത്ത് അനധികൃത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍വകലാശാല അംഗീകാരം നല്‍കിയതുകൊണ്ടാണ് യു ജിസി അംഗീകാരം റദ്ദാക്കിയത് എന്നാണ് സര്‍വകലാശാല ഇപ്പോള്‍ പറയുന്നത്. കേരളത്തിലെ തന്നെ മറ്റു സര്‍വകലാശാലകളും കേരളത്തിനു പുറത്തെ മറ്റു സര്‍വകലാശാലകളും ഈ വിഷയത്തെ എങ്ങനെ മറികടന്നു എന്നന്വേഷിക്കാനും പ്രായോഗിക നടപടികള്‍ സ്വീകരിക്കാനും കാലിക്കറ്റ് സര്‍വകലാശാല തയ്യാറായിട്ടില്ല. വിദൂര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഓരോ വര്‍ഷവും യു ജി സിക്കു നല്‍കേണ്ട റിപ്പോര്‍ട്ട് കൃത്യമായി നല്‍കുന്നതില്‍ ഈ വര്‍ഷം അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായി. ഈ പശ്ചാതലത്തിലാണ് യു ജി സി കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിനുള്ള അംഗീകാരം റദ്ദാക്കുന്നത്.
യു ജി സി അംഗീകാരം റദ്ദാക്കിയിട്ട് ഇപ്പോള്‍ മാസങ്ങളായി. പക്ഷേ അതു വീണ്ടെടുക്കാനുള്ള ഗൗരവപൂര്‍ണമായ ഒരു ഇടപെടല്‍ അധികൃതര്‍ നടത്തിയിട്ടില്ല. റദ്ദാക്കല്‍ തീരുമാനം വന്ന ഉടനെ വൈസ് ചാന്‍സിലര്‍ ചുമതലയുള്ള ഖാദര്‍ മങ്ങാടിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്കൊരു യാത്ര നടത്തി. യു ജി സി അധികൃതരുമായി ചര്‍ച്ച നടത്താനായിരുന്നു യാത്ര. പക്ഷേ യു ജി സി ചോദിച്ച ഒരു കാര്യത്തിനും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ യാത്രയിലെ അഞ്ചംഗ സംഘത്തിന് കഴിഞ്ഞില്ല.
പിന്നീട് വിഷയത്തെ മറികടക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നു. ക്യാമ്പസിനു പുറത്തെ എല്ലാ കൗണ്‍സിലിങ് കേന്ദ്രങ്ങളും പ്രോഗ്രാം സെന്റെറുകളും അടച്ചുപൂട്ടാനുള്ള തീരുമാനമെടുക്കുകയായിരുന്നു സിന്‍ഡിക്കേറ്റ്. വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിനുകീഴില്‍ കേരളത്തില്‍ 198ഉം കേരളത്തിനു പുറത്ത് ഏഴും കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇത് മുഴുവന്‍ അടച്ചുപൂട്ടാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഈ തീരുമാനം സംബന്ധിച്ച് പത്രവാര്‍ത്ത നല്‍കി എന്നല്ലാതെ ഈ കേന്ദ്രങ്ങളെ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല. അതിനാല്‍ ഇവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തു പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ കടുത്ത ആശങ്കയിലാണ്. ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം കഴിഞ്ഞ് വളരെ കുറഞ്ഞ ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് റഗുലര്‍ കോളജുകളില്‍ പഠിക്കാന്‍ അവസരമുള്ളത്. ശേഷം മലബാറിലെ ഭൂരിപക്ഷം വിദ്യര്‍ഥികളും ആശ്രയിക്കുന്നത് ഇത്തരം വിദൂര വിദ്യാഭ്യാസ കൗണ്‍സിലിംഗ് കേന്ദ്രങ്ങളാണ്. ഇവയുടെ അംഗീകാരം നഷ്ടമാകുന്നതോടെ വലിയൊരു വിദ്യാര്‍ഥി വിഭാഗത്തിന്റെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഈ കേന്ദ്രങ്ങള്‍ അടക്കുന്നതോടൊപ്പം സിന്‍ഡിക്കേറ്റ് മറ്റൊരു തീരുമാനം കൂടിയെടുത്തു. റഗുലര്‍ കോളജുകളില്‍ നിലവിലില്ലാത്ത കോഴ്‌സുകള്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ അനുവദിക്കില്ല എന്നതായിരുന്നു അത്. വിവിധ കേന്ദ്രങ്ങളില്‍ ഇരുപതോളം വരുന്ന ഇത്തരം കോഴ്‌സുകള്‍ക്ക് ഈ വര്‍ഷം അഡ്മിഷന്‍ വാങ്ങി പഠനം നടത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളുണ്ട്. ഇവരെയാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അധ്യായന വര്‍ഷത്തിന്റെ തുടക്കത്തിലെങ്കിലും യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ ഇക്കാര്യം അറിയിച്ചിരുന്നെങ്കില്‍ അവര്‍ക്ക് മറ്റു വഴികള്‍ തേടാമായിരുന്നു. അതും ഉണ്ടായില്ല. ഈ വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരും ഇപ്പോള്‍ ലക്ഷക്കണക്കിന് രൂപ ചെലവാക്കി കോടതി കയറിയിറങ്ങേണ്ട അവസ്ഥയിലാണ്. കൗണ്‍സിലിങ്ങ് സൈക്കോളജി, ഇന്റീരിയര്‍ ഡിസൈനിംഗ് തുടങ്ങിയ ന്യൂജന്‍ കോഴ്‌സുകള്‍ക്കാണ് ഈ ദുര്‍ഗതി വന്നിരിക്കുന്നത്.
യഥാര്‍ഥത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ സ്വയം ഭരണ പദവിയെപ്പോലും ചോദ്യം ചെയ്യുന്ന വിഷയമാണിത്. യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ ഏതൊക്കെ കോഴ്‌സുകള്‍ നടത്തണമെന്നും ആര്‍ക്കൊക്കെ അംഗീകാരം നല്‍കണമെന്നും തീരുമാനിക്കാന്‍ സര്‍വകലാശാലക്കു കഴിയാതെ വരുന്ന ഗതികേടാണിത്. പക്ഷേ ഈ വിഷയത്തില്‍ യു ജി സിയുമായി ആശയവിനിമയം നടത്താന്‍ കെല്‍പ്പുള്ള ആരും സര്‍വകലാശാലയില്‍ ഇല്ല എന്നതാണ് സത്യം. സ്വാശ്രയ സര്‍വകലാശാലയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന കേരളത്തിലാണ് ഇത് നടക്കുന്നത് എന്നോര്‍ക്കുക.
കാലിക്കറ്റ് സര്‍വകലാശാലയിലെ വിദൂര വിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും ടി എന്‍ പ്രതാപന്‍ എംഎല്‍ എയുടെ നേതൃത്വത്തില്‍ ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ ഉപസമിതി ഒരിക്കല്‍ പോലും യോഗം ചേരുകയോ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല.
ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന ഈ വിഷയം ഏറ്റെടുക്കാന്‍ സാമ്പ്രദായിക വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകളൊന്നും തയ്യാറായിട്ടില്ല. വിദ്യാര്‍ഥികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനോ പരിഹരിക്കാനോ ഇവര്‍ക്ക് സമയമില്ല. കക്ഷി രാഷ്ട്രീയത്തിലെ കേവല ഉപകരണം മാത്രമാണ് ഇവര്‍ക്ക് വിദ്യാര്‍ഥി രാഷ്ടീയം. യൂനിവേഴ്‌സിറ്റിയില്‍ പാമ്പുകയറിയെന്നു പറഞ്ഞും ഹോസ്റ്റലില്‍ തങ്ങളുടെ നേതാക്കള്‍ക്ക് മുറികള്‍ വേണമെന്ന് പറഞ്ഞും മാസങ്ങളോളം ഇവര്‍ പഠിപ്പ് മുടക്കും. ദേശീയ നേതാക്കളെ കൊണ്ടുവന്ന് സമര മാമാങ്കങ്ങള്‍ നടത്തും. അനാവശ്യ വിവാദങ്ങളുയര്‍ത്തി രാഷ്ട്രീയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ എത്ര കാലമാണ് സര്‍വകലാശാലയെ കലാപ ഭൂമിയാക്കിയത്? മാതൃസംഘടനകള്‍ക്ക് അടിമപ്പണി ചെയ്യുന്നതിലും ചെകുത്താന്‍ ഉത്സവങ്ങള്‍ നടത്തുന്നതിലും ഒതുങ്ങുന്നു ഇവരുടെ സമരങ്ങള്‍.
ഇവിടെയാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ ഈ വിഷയം എസ് എസ് എഫ് ഏറ്റെടുക്കുന്നത്. പാവപ്പെട്ട ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകേണ്ടതുണ്ട്. സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികളുടെ ഭാവി വെച്ച് പന്താടുന്ന അവസ്ഥ അവസാനിപ്പിക്കണം. വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അംഗീകാരം വീണ്ടെടുക്കുന്നതില്‍ സര്‍വകലാശാല അധികൃതര്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച എസ് എസ് എഫ് യൂനിവേഴ്‌സിറ്റി മാര്‍ച്ച് നടത്തുകയാണ്. സര്‍വകലാശാലയിലെ വിദ്യാര്‍ഥി പക്ഷത്തുനിന്ന് കൊണ്ടുള്ള കക്ഷി രാഷ്ട്രീയ മുക്തമായ സമരത്തിന്റെ ഒരു പുതിയ തുടക്കമായിരിക്കും ഇത്.
(ലേഖകന്‍ എസ് എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡന്റാണ്)

LEAVE A REPLY

Please enter your comment!
Please enter your name here