എട്ട് സായുധ സംഘടനകളുമായി മ്യാന്മര്‍ സമാധാന കരാറില്‍ ഒപ്പ് വെച്ചു

Posted on: October 15, 2015 11:28 pm | Last updated: October 15, 2015 at 11:28 pm
SHARE

myanmarനായ്പിതോ: എട്ട് സായുധ സംഘടനകളുമായി മ്യാന്മര്‍ സര്‍ക്കാര്‍ സമാധാന കരാറില്‍ ഒപ്പ് വെച്ചു. ദേശീയ വെടിനിര്‍ത്തല്‍കരാര്‍ നിലവില്‍ വന്നതോടെ ആറ് പതിറ്റാണ്ടായി മ്യാന്മറില്‍ തുടര്‍ന്നുവരുന്ന ആഭ്യന്തര യുദ്ധത്തിന് ശമനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് മൊത്തം 15 ഗോത്ര സായുധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരില്‍ എട്ട് സംഘടനകളുമായാണ് ഇപ്പോള്‍ സമാധാന കരാറിലെത്തിയിരിക്കുന്നത്. കരാറില്‍ ഒപ്പ് വെക്കുന്ന ചടങ്ങിന് പ്രാദേശിക, അന്തര്‍ദേശീയ നിരീക്ഷകര്‍ സാക്ഷികളായിരുന്നു.
കായിന്‍ നാഷനല്‍ യൂനിയന്‍, കായിന്‍ നാഷനല്‍ ലിബറേഷന്‍ ആര്‍മി, ആള്‍ ബര്‍മ സ്റ്റുഡന്റ്‌സ് ഡെമോക്രാറ്റിക് ഫ്രണ്ട്, ചിന്‍ നാഷനല്‍ ഫ്രണ്ട് എന്നീ സംഘടനകളും കരാറൊപ്പുവെച്ചവരില്‍ ഉള്‍പ്പെടുന്നതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
കരാര്‍ ഒപ്പ് വെക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് യു തയ്ന്‍ സയ്ന്‍, വൈസ് പ്രസിഡന്റുമാരായ സായ് മൗക് ഖാം, ഉ ന്യാന്‍ തുന്‍ സന്നിഹിതരായിരുന്നു. ഇതിന് പുറമെ യു എന്‍, യൂറോപ്യന്‍ യൂനിയന്‍, ചൈന, ഇന്ത്യ, തായ്‌ലന്‍ഡ്, ജപ്പാന്‍ പ്രതിനിധികളും പങ്കെടുത്തു. സായുധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഓരോ സംഘടനകളുടെയും സമുന്നത നേതാക്കളും എത്തിയിരുന്നു.
ചരിത്രപരമായ നേട്ടമാണ് സമാധാന കരാറിലൊപ്പുവെച്ചതിലൂടെ നേടിയതെന്ന് മ്യാന്‍മര്‍ പ്രസിഡന്റ് ചടങ്ങിന് ശേഷം പറഞ്ഞു. മ്യാന്‍മറിന്റെ സമാധാനപരമായ ഭാവിയിലേക്കുള്ള വാതില്‍ ഇപ്പോള്‍ തുറന്നുകഴിഞ്ഞു. പക്ഷേ വെടിനിര്‍ത്തല്‍ കരാറിലൂടെ മാത്രം രാജ്യത്തിന്റെ സുസ്ഥിരവും നീണ്ടുനില്‍ക്കുന്നതുമായ സമാധാനത്തിലെത്താന്‍ കഴിയില്ല. പ്രശ്‌നബാധിത വിഷയങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ കൂടി ഇതിന് അനിവാര്യമാണ്. ഇപ്പോള്‍ സമാധാന കരാറില്‍ ഒപ്പ് വെക്കാത്ത മറ്റു സായുധ സംഘടനകളുമായി ചര്‍ച്ച ചെയ്ത് അവരെയും സമാധാന പാതയിലേക്ക് കൊണ്ടുവരാനുള്ള ശക്തമായ ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. 2013ലാണ് സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ഈ വര്‍ഷം ആഗസ്റ്റില്‍ യാംഗൂണില്‍ വെച്ച് ഒമ്പതാം സമാധാന ചര്‍ച്ചയും പൂര്‍ത്തിയാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here