ആദ്യ ഹജ്ജ് സംഘം തിരിച്ചെത്തി

Posted on: October 15, 2015 11:23 pm | Last updated: October 16, 2015 at 2:23 pm

haj p-01നെടുമ്പാശ്ശേരി: ലക്ഷ്വദ്വീപ്, മാഹി, കേരളം എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പുറപ്പെട്ട ഹാജിമാരുടെ ആദ്യ സംഘം മടങ്ങിയെത്തി. എ ഐ 5401 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം 340 ഹാജിമാരുമായി ഇന്നലെ രാവിലെ 9.20നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
റണ്‍വേയിലെ പ്രത്യേക പാര്‍ക്കിംഗ് ബേയില്‍ നിന്ന് പ്രത്യേക ബസുകളിലാണ് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാമ്പില്‍ ഹാജിമാരെ എത്തിച്ചത്. എമിഗ്രേഷന്‍ കസ്റ്റംസ് പരിശോധനകള്‍ നടത്തുന്നതിനായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പരിശോധനകള്‍ പൂര്‍ത്തിയാക്കി 11.20 ഓടെയാണ് ഹാജിമാര്‍ താത്കാലിക ടെര്‍മിനലിന് പുറത്തു കടന്നത്. ഹാജിമാരുടെ ബാഗേജുകളും സംസം വെള്ളവും വളണ്ടിയര്‍മാര്‍ ബന്ധുക്കള്‍ക്ക് എത്തിക്കുകയായിരുന്നു.
ഹാജിമാര്‍ക്ക് കസ്റ്റംസ് എമിഗ്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ളതുകൊണ്ട് ഹജ്ജ് ക്യാമ്പിലേക്ക് സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരുന്നു. ഒരു കവറിലുള്ള ഹാജിമാരെ സ്വീകരിക്കാന്‍ മൂന്ന് ബന്ധുക്കള്‍ക്ക് മാത്രമാണ് ഹജ്ജ് ക്യാമ്പിലേക്ക് കടക്കാന്‍ പ്രത്യേക പാസ് അനുവദിച്ചത്.
ഹജ്ജ് കര്‍മം നിര്‍വഹിച്ച് മടങ്ങിയെത്തിയ ഹാജിമാരെ സ്വീകരിക്കാന്‍ നിരവധി പേരാണ് എത്തിയത്. അടുത്ത മാസം രണ്ട് വരെയാണ് ഹാജിമാര്‍ മടങ്ങിയെത്തുന്നത്. ഇരുപത് സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്.
ആദ്യ സംഘം ഹാജിമാരെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ്, അന്‍വര്‍ സാദത്ത് എം എല്‍ എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, കെ പി സി സി സെക്രട്ടറി സി എം സക്കീര്‍ ഹുസൈന്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അഹമ്മദ് മൂപ്പന്‍, സ്‌പെഷ്യല്‍ ഓഫീസര്‍ കോഴിക്കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പി. യു അബ്ദുല്‍ കരിം, അസിസ്റ്റന്റ് സെക്രട്ടറി ഇ സി മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.