മദ്യലഹരിയില്‍ പെട്രോള്‍ പമ്പില്‍ അടി കൂടിയ സ്ത്രീകളെ അറസ്റ്റ് ചെയ്തു

Posted on: October 15, 2015 8:00 pm | Last updated: October 15, 2015 at 8:29 pm

ദുബൈ: മദ്യലഹരിയില്‍ പെട്രോള്‍ പമ്പില്‍ അടിപിടികൂടിയ സ്ത്രീകളെ പിടികൂടിയതായി പോലീസ് അറിയിച്ചു. ഇന്‍സ്റ്റഗ്രാം വഴി ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീനയാണ് ഇക്കാര്യമറിയിച്ചത്.
പെട്രോള്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ നോക്കിനില്‍ക്കേ നടന്ന സ്ത്രീ സംഘട്ടനത്തിന്റെ ദൃശ്യം പകര്‍ത്തി സോഷ്യല്‍മീഡിയ വഴി ഒരാള്‍ പ്രചരിപ്പിച്ചിരുന്നു. മണിക്കൂറുകള്‍കൊണ്ട് നിരവധി പേരാണ് ഇത് കണ്ടത്. ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചയാളെയും അറസ്റ്റ് ചെയ്തതായി പോലീസ് മേധാവിയുടെ പോസ്റ്റിലുണ്ട്.
മദ്യലഹരിയിലിയാരുന്ന സ്ത്രീകള്‍ പരസ്പരം അസഭ്യം പറയുകയും പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അറബ് വംശജരാണ് കേസില്‍ പിടിയിലായ നാല് സ്ത്രീകളും. ഇവര്‍ക്കെതിരെ കൈയേറ്റത്തിനും സാമ്പത്തിക വിഷയങ്ങളിലും കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സോഷ്യല്‍ മീഡിയകള്‍ കൈകാര്യം ചെയ്യുന്നവര്‍ മാന്യത കൈവിടരുതെന്നും മറ്റുമുള്ളവരുടെ സ്വകാര്യതയെ കടന്നാക്രമിക്കുന്ന രീതിയില്‍ അവ ഉപയോഗിക്കരുതെന്നും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാമെന്നും പോലീസ് മേധാവി മുന്നറിയിപ്പ് നല്‍കി.