ഡി സി എ എസ് ദേശീയ പതാക വിതരണം ചെയ്യും

Posted on: October 15, 2015 8:27 pm | Last updated: October 15, 2015 at 8:27 pm

1 - Copyദുബൈ: രാജ്യത്തിനായി രക്തസാക്ഷിത്വം വഹിച്ച ധീരജവാന്മാരോടുള്ള ആദരസൂചകമായി പതാക ഉയര്‍ത്തുന്നതിന് ദേശീയ പതാകകള്‍ വിതരണം ചെയ്യുമെന്ന് ഡി സി എ എസ് (ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസ്) അറിയിച്ചു.
ആദര സൂചകമായി വീടുകള്‍ക്ക് മുമ്പില്‍ പതാക ഉയര്‍ത്താന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്. ഇതിനോടുള്ള പ്രതികരണമായാണ് ഡി സി എ എസിന്റെ നടപടി.
ഇന്റര്‍ നാഷണല്‍ ഹ്യുമാനിറ്റേറിയല്‍ സിറ്റി, സ്‌കൈ ഡൈവ് ദുബൈ, ഗര്‍ഗാഷ് എന്റര്‍ പ്രൈസസ് തുടങ്ങിയ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതാകകള്‍ വിതരണം ചെയ്യുമെന്ന് ഡി സി എ എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ ബിന്‍ ദരി വ്യക്തമാക്കി. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും രാജ്യത്തെ ജനങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ ദൃഷ്ടാന്തമാണ് ഇത്തരം നടപടികള്‍. രാജ്യത്തിന്റെ ധീര രക്തസാക്ഷികളെ ഓര്‍ക്കാനുള്ള ഉചിതമായ നടപടിയുമാണിത്. പതാക ഉയര്‍ത്താനുള്ള ശൈഖ് മുഹമ്മദിന്റെ ആഹ്വാനത്തോട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൗരന്മാര്‍ അത്യുത്സാഹത്തോടെയാണ് പ്രതികരിക്കുന്നതെന്നും അല്‍ ദാരി പറഞ്ഞു.