യുവതിയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പ്രതി 18 മാസത്തിന് ശേഷം പിടിയില്‍

Posted on: October 15, 2015 7:00 pm | Last updated: October 15, 2015 at 7:59 pm
SHARE

ദുബൈ: നാട്ടുകാരിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വിജനമായ സ്ഥലത്ത് കുഴിച്ചുമൂടി നാടുവിട്ട ഏഷ്യക്കാരനെ 18 മാസങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി ദുബൈയിലെത്തിച്ചു. സ്വദേശത്തെത്തിയ പ്രതി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് മറ്റൊരു ജി സി സി രാജ്യത്തേക്ക് കടന്നതായിരുന്നു. 2014 ജനുവരിരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്റര്‍പോളിന്റെ സഹായത്തോടെ ദുബൈയിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
നിര്‍മാണ കമ്പനിയിലെ ജോലിക്കാരനായിരുന്ന പ്രതി യുവതിയെ കൊലപ്പെടുത്തിയ ശേഷം വിജനമായ മരുഭൂമിയില്‍ കുഴിച്ചിട്ട് രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങള്‍ക്കുശേഷം യുവതിയുടെ ശരീരഭാഗങ്ങള്‍ പുറത്തായത് കണ്ട സ്വദേശി പൗരന്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി അന്വേഷണം നടത്തിയതിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലയാളിയെ തിരിച്ചറിഞ്ഞപ്പോഴേക്കും ഇയാള്‍ രാജ്യം വിട്ടിരുന്നു.
ഇന്റര്‍പോളിന്റെ സഹായത്തോടെ ഇയാളെ പിടികൂടാന്‍ പോലീസ് ശ്രമം നടത്തിയിരുന്നു. അന്വേഷണം ഊര്‍ജിതമായി തുടരുന്നതിനിടയിലാണ് പ്രതി ഒരു ജി സി സി രാജ്യത്ത് വ്യാജ പാസ്‌പോര്‍ട്ടിലെത്തി ജോലി ചെയ്യുന്നതായി വിവരം ലഭിച്ചത്. ഇവിടുത്തെ പോലീസുമായി സഹകരിച്ചായിരുന്നു അറസ്റ്റ്.
നേരത്തെ കരാര്‍ ചെയ്തതിന് വിരുദ്ധമായി സ്ത്രീ തനിക്കൊപ്പം ഉറങ്ങാന്‍ 500 ദിര്‍ഹം ആവശ്യപ്പെട്ടതില്‍ കുപിതനായാണ് കൊല നടത്തിയതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് 200 ദിര്‍ഹം നല്‍കിയെങ്കിലും കൂടുതല്‍ പണം ആവശ്യപ്പെട്ടത് വഴക്കിലേക്കും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതിലേക്കും എത്തിക്കുകയായിരുന്നു.