ഫോണ്‍വിളി മുറിഞ്ഞാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രായ്‌

Posted on: October 15, 2015 7:47 pm | Last updated: October 16, 2015 at 9:40 am

call-drops-080615ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാവുന്ന പുതിയ നിലപാടുമായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ. കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന എല്ലാ വീഴ്ച്ചകള്‍ക്കും ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ട്രായിയുടെ പുതിയ നിബന്ധന. നഷ്ടപരിഹാരം എങ്ങനെയാവണമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒരു രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് നിര്‍ദേശമെന്ന് സൂചനയുണ്ട്. ഒരു ദിവസം മൂന്നില്‍ കൂടുതല്‍ തവണ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും ട്രായ് നിര്‍ദേശിച്ചതായി സൂചനയുണ്ട്.

ഡല്‍ഹിയിലും മുംബൈയിലും ട്രായ് നടത്തിയ ഓഡിറ്റിംഗില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ട്രായ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫോണ്‍വിളി മുറിയുന്നത് സ്ഥിരം സംഭവമാകുകയോ ഏതെങ്കിലും സേവന ദാതാക്കള്‍ ഇത് പ്രോത്സാഹിപ്പിക്കുകയോ ചെയ്താല്‍ അവര്‍ക്കുള്ള ശിക്ഷ ട്രായ് നിശ്ചയിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.