Connect with us

Sports

ഉണരുന്നുണ്ടോ ഇന്ത്യന്‍ ഫുട്‌ബോള്‍

Published

|

Last Updated

ഇന്ത്യയില്‍ ഫുട്‌ബോള്‍ വളരുന്നുണ്ട്. സംശയമില്ല. എന്നാല്‍, ഫുട്‌ബോളില്‍ “ഇന്ത്യ” വളരുന്നുണ്ടോ ?
ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ ആദ്യ അഞ്ച് കളിയും തോറ്റ്, ഗ്രൂപ്പില്‍ ഏറ്റവും പിറകിലാണ് ഇന്ത്യ. പന്ത്രണ്ട് ഗോളുകളാണ് വലയില്‍ കയറിയത്. തിരിച്ചടിച്ചത് കാല്‍ഡസന്‍ മാത്രം. മത്സരങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ സാധ്യതകള്‍ അവസാനിച്ചിരിക്കുന്നു.
കാണികളുടെ എണ്ണം കൊണ്ട് ഞെട്ടിപ്പിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മതിമറന്നിരിക്കുകയാണ് നമ്മുടെ ഫുട്‌ബോള്‍. അതിനെ കുറ്റം പറയാനൊക്കില്ല. ഉണര്‍വില്ലാതെ കിടന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗത്തെ ഉണര്‍ത്തിയത് തീര്‍ച്ചയായും ഐ എസ് എല്‍ തന്നെയാണ്. രംഗം മാത്രമേ ഉണര്‍ന്നിട്ടുള്ളൂ, ബാക്കിയെല്ലാം അവിടെ അതുപോലെ കിടപ്പാണ്.
ഐ എസ് എല്ലിന്റെ ഭാഗമായി ഇന്ത്യന്‍ ഫുട്‌ബോളിന് ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും ഫുട്‌ബോള്‍ അക്കാദമികളും ഭാവിയില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാല്‍, ഐ എസ് എല്‍ മഹാമഹം നടക്കുമ്പോള്‍ തന്നെ ദേശീയ ടീം കോച്ച് പ്രമുഖ കളിക്കാരെ വിട്ടുകിട്ടാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികാരികളുമായി തര്‍ക്കിക്കുകയായിരുന്നു. ഐ എസ് എല്‍ ഫ്രാഞ്ചൈസികള്‍ ഇന്ത്യന്‍ ടീമിലേക്ക് തങ്ങളുടെ കളിക്കാരെ വിട്ടുകൊടുക്കില്ലെന്ന് ശഠിച്ചു നിന്നതോടെയാണ് തര്‍ക്കമുണ്ടായത്. പിന്നീട് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ദേശീയ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തു.
ഫിഫയുടെ ചട്ടമുണ്ട്, രാജ്യാന്തര മത്സരങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ അഞ്ച് ദിവസം മുമ്പെങ്കിലും ക്ലബ്ബുകള്‍ താരങ്ങളെ ദേശീയ ടീമുകള്‍ക്ക് വിട്ടുനല്‍കണമെന്ന്. ഈ ചട്ടം നിലനില്‍ക്കുമ്പോഴാണ് ഐ എസ് എല്‍ ക്ലബ്ബുകള്‍ വാശിപിടിച്ചത്. അതിന് മുന്നില്‍ നിന്നത് ഡല്‍ഹി ഡൈനമോസിന്റെ കോച്ച് റോബര്‍ട്ടോ കാര്‍ലോസും. ബ്രസീലിനായി എത്രയോ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരത്തിന് ദേശീയ ടീമിന്റെ വികാരം ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ പോയത് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനെയും ഞെട്ടിച്ചു. ഡല്‍ഹി ഡൈനമോസിന്റെ കളിക്കാരെ മാത്രം വിട്ടുനില്‍കുമോ എന്ന കാര്‍ലോസിന്റെ ചോദ്യം കോണ്‍സ്റ്റന്റൈനെ വിറളിപിടിപ്പിക്കുന്നതായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലകന്റെ പെരുമാറ്റത്തെ റോബര്‍ട്ടോ കാര്‍ലോസ് പിന്നീട് കുറ്റപ്പെടുത്തിയതും ഇവര്‍ തമ്മിലുണ്ടായ ഫോണ്‍ സംഭാഷണത്തിന്റെ പേരിലായിരുന്നു.
ഇതേ റോബര്‍ട്ടോ കാര്‍ലോസ് തന്നെ പറയുന്നു : ഐ എസ് എല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുരോഗതിക്ക് കാരണമാകുമെന്ന്. കാര്‍ലോസ് ഉള്‍പ്പെടുന്ന ഐഎസ്എല്‍ പരിശീലകരുടെയെല്ലാം വാക്കിലും പ്രവര്‍ത്തിയിലും വൈരുധ്യം കാണാം. ഐ എസ് എല്ലിലെ മികച്ച ഇന്ത്യന്‍ താരത്തെ ദേശീയ ടീമിന് വിട്ടു കൊടുക്കുമ്പോഴാണല്ലോ എല്ലാവരും വിഭാവനം ചെയ്യുന്ന പുരോഗതി ഇന്ത്യയുടെ ഫുട്‌ബോള്‍ ടീമിനുണ്ടാവുക ! പക്ഷേ, ഇവിടെ ഇതേ കാര്‍ലോസ് തന്നെ എതിര് നില്‍ക്കുന്നതാണല്ലോ കണ്ടത്.
ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസം ഐ എം വിജയന്‍ ഐ എസ് എല്ലിന് എതിരല്ലെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുരോഗതി ഐ എസ് എല്‍ കൊണ്ട് മാത്രം നടക്കില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഫെഡറേഷന്‍ കപ്പ് എ ഐ എഫ് എഫ് നിര്‍ത്തലാക്കി. അതുപോലെ നിരവധി ടൂര്‍ണമെന്റുകള്‍ മണ്‍മറഞ്ഞു. പലതും വെന്റിലേറ്ററില്‍. നൂറില്‍ താഴെ ഇന്ത്യക്കാര്‍ കളിക്കുന്ന ഐ എസ് എല്ലിന് പുറത്താണ് ബഹുഭൂരിഭാഗം.
ടൂര്‍ണമെന്റുകള്‍ ഇല്ലാതെ അവരെങ്ങനെ കളി മെച്ചപ്പെടുത്തും? ഐ എസ് എല്ലിന് പുറത്തു നില്‍ക്കുന്നവരെ വേണ്ട എന്നാണോ ? അങ്ങനെയെങ്കില്‍ ഐ എസ് എല്ലിന്റെ അകത്തുള്ളവര്‍ മാത്രമാകണം ഇന്ത്യയുടെ താരങ്ങള്‍.
ദൗര്‍ഭാഗ്യവശാല്‍ അവരെയൊന്നും വിട്ടുകൊടുക്കാനുള്ള മനസ്സ് ഐ എസ് എല്‍ ക്ലബ്ബ് ഉടമകള്‍ക്കും പരിശീലകര്‍ക്കുമില്ല താനും. ഇന്ത്യന്‍ ഫുട്‌ബോളിലെ സകലമാന നവീകരണങ്ങളും പരീക്ഷണങ്ങളും വാണിജ്യതാത്പര്യങ്ങളും നടപ്പിലാക്കാനുള്ള അവകാശം മൊത്തമായി വാങ്ങിച്ചു വെച്ചിരിക്കുകയാണ് ഐ എം ജി-റിലയന്‍സ് കൂട്ടായ്മ.
ഐ എസ് എല്‍ ജനിച്ച് രണ്ടാം വയസിലെത്തി നില്‍ക്കുമ്പോളാണ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗുവാമിനോട് പോലും ഇന്ത്യ തോറ്റമ്പിയത്. ഈ വര്‍ഷം എട്ട് രാജ്യാന്തര മത്സരങ്ങല്‍ മാത്രമാണ് ഇന്ത്യ കളിച്ചത്. അതില്‍ ജയിച്ചത് ഒന്നില്‍ മാത്രം – നേപ്പാളിനെതിരെ. ഫിഫ റാങ്കിംഗില്‍ 141 ല്‍ നിന്ന് 173 നും അപ്പുറത്തേക്കാണ് ഇന്ത്യയുടെ പോക്ക്.
ദേശീയ ടീമിന്റെ ഇംഗ്ലണ്ടുകാരനായ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ വാക്കുകള്‍ കടമെടുക്കുകയാണ് : ഒരു വലിയ മാറ്റത്തിന് ഇനിയും തയ്യാറാകുന്നില്ലയെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ മരിക്കും, ഒരു സംശയവും വേണ്ട!

Latest