ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പേസ് ബൗളര്‍ സഹീര്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നു. ഒരു കാലത്ത് ഇന്ത്യയുടെ പ്രധാന ബൗളറായിരുന്നു ഈ ഇടംകൈയന്‍. പരിക്കും ഫോം നഷ്ടവും കാരണം ടീമിനു പുറത്തായതിന് ശേഷം തിരിച്ചുവരവ് അസാധ്യമായതോടെയാണ് വിരമിക്കാനുള്ള 37 കാരന്റെ തീരുമാനം.
ഇന്ത്യയ്ക്കായി 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 311 വിക്കറ്റും ഏകദിനത്തില്‍ 282 വിക്കറ്റുകളും നേടി. ഒരിന്നിങ്‌സില്‍ 87 റണ്‍സ് വിട്ടുകൊടുത്ത് 7 വിക്കറ്റ് നേടിയതാണ് ടെസ്റ്റിലെ മികച്ച പ്രകടനം. 42 റണ്‍സിന് 5 വിക്കറ്റ് നേടിയതാണ് ഏകദിനത്തിലെ മികച്ച പ്രകടനം. ടെസ്റ്റില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 1231 റണ്‍സും ഏകദിനത്തില്‍ 792 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഏറ്റവും അവസാനം ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് സെഹീറിനാണ്.
2000 നവംബര്‍ 10ന് ബംഗ്ലാദേശിനെതിരെ ആയിരുന്നു ടെസ്റ്റില്‍ സഹീറിന്റെ അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു അവസാന മത്സരം. 2000 ഒക്ടോബറില്‍ കെനിയയ്‌ക്കെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. 2003 ലോകകപ്പിലും 2011ലെ ലോകകപ്പിലും ഇന്ത്യയുടെ പ്രധാന ബൗളറായിരുന്നു.