Connect with us

Kozhikode

ആര്‍ എസ് എസിന് സൗകര്യം ചെയ്ത് കൊടുത്താല്‍ കോണ്‍ഗ്രസിന് ഗുജറാത്തിലെ അവസ്ഥയാകും: കോടിയേരി

Published

|

Last Updated

കോഴിക്കോട്: ആര്‍ എസ് എസിന് വേരുറപ്പിക്കാന്‍ സൗകര്യം ചെയ്ത് കൊടുത്താല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസ്ഥ ഗുജറാത്തിലെ കോണ്‍ഗ്രസിന് സമാനമായിരിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടത് ജനാധിപത്യ മുന്നണി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇന്ന് ഭരണം നിലനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി സ്വീകരിക്കുന്ന നിലപാടിന് സമാനമായിരുന്നു ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കളും സ്വീകരിച്ചിരുന്നത്. ആര്‍ എസ് എസിനെയും അവരുടെ തന്ത്രത്തിന്റെ ഭാഗമായുണ്ടാകുന്ന എസ് എന്‍ ഡി പിയുടെ പാര്‍ട്ടിയെയും വളര്‍ത്തിയാല്‍ കേരളത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലമാക്കാനാകുമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ആദ്യം തകരുന്നത് കോണ്‍ഗ്രസാകുമെന്ന സത്യം ഉമ്മന്‍ ചാണ്ടി ഓര്‍ക്കുന്നത് നല്ലതാണ്. 1991 ന് സമാനമായ നിലയില്‍ ആര്‍ എസ് എസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നത് അപകടകരമായ അവസ്ഥയിലേക്കായിരിക്കും കേരളത്തെ എത്തിക്കുക. എസ് എന്‍ ഡി പിയിലെ ഒരു വിഭാഗം രൂപവത്കരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഫലത്തില്‍ ആര്‍ എസ് എസിന് ആളെ കൂട്ടി കൊടുക്കുന്ന പാര്‍ട്ടിയാണ്.
കോഴിക്കോടിന് ലഭിക്കുമായിരുന്ന പല വികസനവും തകര്‍ത്തത് യു ഡി എഫ് സര്‍ക്കാരാണ്. ജനങ്ങള്‍ക്കാകെ മടുത്ത യു ഡി എഫ് സര്‍ക്കാര്‍ ഇനി തിരിച്ചുവരില്ല. അതിന്റെ മുന്നോടിയായിരിക്കും തദ്ദേസഭരണ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.