ലീഗും കോണ്‍ഗ്രസും മുഴുവന്‍ വാര്‍ഡിലും പത്രിക നല്‍കി

Posted on: October 15, 2015 10:00 am | Last updated: October 15, 2015 at 10:00 am
SHARE

തിരുന്നാവായ: തിരുന്നാവായ പഞ്ചായത്തില്‍ യു ഡി എഫ് ബന്ധം ഉലഞ്ഞതിനെ തുടര്‍ന്ന് ലീഗും കോണ്‍ഗ്രസും മുഴുവന്‍ സീറ്റുകളിലും പത്രിക നല്‍കി.
നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം ലീഗ് 14 ഉം കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പുറമെയാണ് അവസാന ദിവസം മറ്റു വാര്‍ഡുകളില്‍ ഇരു പാര്‍ട്ടികളും വെവ്വേറെ പത്രിക നല്‍കിയത്.
മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എം പി മുഹമ്മദ് കോയ, ഫൈസല്‍ എടശ്ശേരി എന്നിവര്‍ നോട്ടമിട്ടിരുന്ന യഥാക്രമം വാര്‍ഡ് 13 അജിതപ്പടി, 15 കാരത്തൂര്‍ എന്നീ സീറ്റുകളില്‍ സ്ഥനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കം മൂലം എം പി മുഹമ്മദ് കോയ മത്സര രംഗത്ത് നിന്ന് പിന്മാറിയപ്പോള്‍ കാരത്തൂര്‍ വാര്‍ഡ് ഫൈസല്‍ എടശ്ശേരി കൈക്കലാക്കി. അജിതപ്പടിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കബീറിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്.
അതേ സമയം ഈ വാര്‍ഡില്‍ മുതിര്‍ന്ന ലീഗ് നേതാവ് തൂമ്പില്‍ അബു ഹാജി സര്‍വ്വ സ്വതന്ത്രനായി പത്രിക നല്‍കിയത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. അണികളുടെ പൊതു വികാരം മൂലം15-ാം വാര്‍ഡില്‍ മത്സരിക്കാനിരുന്ന വി മമ്മുഹാജിയെ നാടകീയ നീക്കങ്ങളിലൂടെ കോണ്‍ഗ്രസിന് അനുവദിച്ച 14 ലേക്ക് മാറ്റിയാണ് ഈ സീറ്റ് ഫൈസല്‍ പിടിച്ചെടുത്തത്. മുന്നണി ധാരണക്കപ്പുറം അധികമായുള്ള പത്രിക 17ന് പിന്‍വലിച്ചില്ലെങ്കില്‍ യു ഡിഎഫ് ബന്ധം ഉണ്ടായിരിക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചു.
കോണ്‍ഗ്രസ് പത്രിക സമര്‍പ്പണത്തിന് ഡി സി സി സെക്രട്ടറി ടി കെ അലവിക്കുട്ടി ,സി മൊയ്തീന്‍, വെട്ടന്‍ ശരീഫ് ഹാജി, മുഹമ്മദ് കുട്ടി, കെ ടി മുസ്തഫ, സക്കീര്‍ കാരത്തൂര്‍ , കലാം അമരിയില്‍, കാളിയാടന്‍ മുഹമ്മദ്, പ്രദീപ് കൊടക്കല്‍ നേതൃത്വം നല്‍കി. .